മസ്കത്ത്: (gcc.truevisionnews.com) ഭക്ഷ്യസുരക്ഷ മാനദണ്ഡം പാലിക്കാത്തതിനെ തുടർന്ന് ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ കമ്പനിയുടെ കുപ്പിവെള്ളത്തിന് ഒമാനിൽ ഏർപ്പെടുത്തിയ നിരോധനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ 241/2025 നമ്പർ ഉത്തരവ്പ്രകാരം, പിറ്റേദിവസം മുതൽ നരോധനം പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്നു.
മലിനമായ കുപ്പിവെള്ളം കുടിച്ച് ഒമാനിൽ രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രാലയത്തിന്റെ തീരുമാനം. നിരോധനത്തിന് കാരണമായ സാഹചര്യം പൂർണമായും ഒഴിവാകുന്ന സഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട പുതിയ തീരുമാനം പുറപ്പെടുവിക്കുകയും ചെയ്യുന്നതുവരെ ഇറക്കുമതി നിരോധനം തുടരും.
എല്ലാ ബന്ധപ്പെട്ട അധികാരികളും തങ്ങളുടെ അധികാരപരിധിക്കുള്ളിൽ ഈ ഉത്തരവ് നടപ്പാക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു. മുമ്പ്, മന്ത്രാലയം ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി പ്രവർത്തനങ്ങൾക്ക് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുഖേന പുറത്തിറക്കിയ ഈ തീരുമാനപ്രകാരം, 2008 ലെ രാജകീയ ഉത്തരവ് (നമ്പർ 84/2008) പ്രകാരമുള്ള ഭക്ഷ്യസുരക്ഷ നിയമവും അതിന്റെ പ്രവർത്തനചട്ടങ്ങളും അനുസരിച്ച് പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
ഈ നിർദേശം ഒമാനിലേക്ക് ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ നിയമങ്ങൾ കുപ്പിവെള്ളം, ടിന്നിലടച്ച മത്സ്യ ഉൽപ്പന്നങ്ങൾ, അക്വാകൾച്ചർ മത്സ്യ ഉൽപന്നങ്ങൾ ഉൾപ്പെടെ വിവിധ ഇറക്കുമതി വിഭാഗങ്ങൾക്കും ബാധകമാണ്.
ഉത്തരവ് പുറത്തിറക്കി ആറുമാസത്തെ കാലയളവിനുള്ളിൽ ഇറക്കുമതി സ്ഥാപനങ്ങൾക്കും കമ്പനികൾക്കും അവരുടെ ഉൽപാദന/കയറ്റുമതി യൂനിറ്റുകൾക്കാവശ്യമായ അംഗീകാരം നേടാനും പോരായ്മകൾ പരിഹരിക്കാനും സമയം അനുവദിച്ചിട്ടുണ്ട്. എല്ലാ ബന്ധപ്പെട്ട സ്ഥാപനങ്ങളോടും ഈ കാലയളവിനുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിബന്ധനകൾ പാലിക്കാത്ത പക്ഷം ചരക്കുകൾ നിരസിക്കപ്പെടുകയും അതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്യുന്നത് ഒഴിവാക്കാൻ മന്ത്രാലയം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.
Oman bans bottled water from Iran over food safety standards






















.jpeg)






