ദുബൈ: ചൊവ്വാഴ്ച രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴസാധ്യത പ്രവചിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതോടൊപ്പം താപനില കുറയാൻ സാധ്യതയുണ്ടെന്നും ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പു തന്നെ തണുപ്പ് ആസ്വദിക്കാനാവുമെന്നും പ്രവചിക്കപ്പെടുന്നു.
ചൊവ്വാഴ്ച അബൂദബിയിൽ 24 ഡിഗ്രി വരെയും ദുബൈയിൽ 26 ഡിഗ്രി വരെയും താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 ഡിഗ്രിക്ക് മുകളിലായിരുന്ന താപനിലയാണ് കുറയുന്നത്. രാത്രിയിലും രാവിലെയും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് തീരദേശ, ഉൾപ്രദേശങ്ങളിലുമാണ് മൂടൽമഞ്ഞുണ്ടാവുക. മണിക്കൂറിൽ 10-20 കി.മീറ്റർ വേഗതയിൽ വടക്കുകിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് വീശുന്ന കാറ്റ് ഇടക്കിടെ മണിക്കൂറിൽ 35 കി.മീറ്റർ വേഗതയിലാകും.
നവംബർ തുടക്കത്തിൽ തന്നെ 30 ഡിഗ്രിക്ക് താഴെ മാത്രമേ പരമാവധി താപനിലയുണ്ടാകൂ എന്നാണ് പ്രവചിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ കാമ്പിങ്ങിനും മറ്റു വിനോദങ്ങൾക്കും അനുകൂലമായ കാലാവസ്ഥ നേരത്തേയെത്തും. ഡിസംബറോടെ രാത്രികാല താപനില 15 ഡിഗ്രിയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
The National Weather Service has forecast rain in the eastern and southern regions of the country on Tuesday.


































