മനാമ: (gcc.truevisionnews.com) മനാമയിലെ പൊതു ഇടങ്ങളിൽനിന്ന് അധികൃതർ നീക്കം ചെയ്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഒക്ടോബർ 16ന് മുമ്പ് ടൂബ്ലിയിലെ യാർഡിൽനിന്ന് തിരിച്ചെടുക്കാൻ ഉടമകളോട് ആവശ്യപ്പെട്ടു. നഗരത്തിലുടനീളം പൊതുക്രമവും ശുചിത്വവും നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് തലസ്ഥാന ട്രസ്റ്റി ബോർഡ് വ്യാഴാഴ്ച അറിയിച്ചു.
തെരുവുകൾ, നടപ്പാതകൾ, പൊതു ഇടങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ നിന്ന് നിരവധി വാഹനങ്ങളും പാഴ്വസ്തുക്കളും നീക്കിയതായി അതോറിറ്റി തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വെളിപ്പെടുത്തിയിരുന്നു. നഗരസൗന്ദര്യം മെച്ചപ്പെടുത്താനും 2019ലെ പൊതുശുചീകരണ നിയമം അനുസരിച്ച് പൊതുസുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് ഈ നീക്കങ്ങൾ നടത്തിയതെന്ന് കാപ്പിറ്റൽ ട്രസ്റ്റി ബോർഡ് ചെയർമാൻ സാലിഹ് തറാദ പറഞ്ഞു.
നീക്കം ചെയ്ത വാഹനങ്ങൾ ടൂബ്ലിയിലെ ക്ലീൻലിനസ് ഗ്രൂപ് കൈകാര്യം ചെയ്യുന്ന പ്രത്യേക യാർഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാഹന ഉടമകൾക്കോ അവരുടെ നിയമപരമായ പ്രതിനിധികൾക്കോ ഇവിടെ നിന്ന് വാഹനങ്ങൾ തിരികെ എടുക്കാം. വാഹനങ്ങൾ തിരികെ ലഭിക്കാൻ, നീക്കം ചെയ്തതിനുള്ള പിഴയടക്കൽ ഉൾപ്പെടെയുള്ള ഭരണപരവും സാമ്പത്തികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും വേണം.
സമയം കഴിഞ്ഞാൽ തങ്ങൾ പൊതുലേലം ഉൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തറാദ അറിയിച്ചു. വൃത്തിയുള്ളതും ചിട്ടയുള്ളതുമായ നഗരപരിസ്ഥിതി നിലനിർത്തുക എന്ന പൊതുലക്ഷ്യത്തിനായി സഹകരിക്കണമെന്ന് അതോറിറ്റി ബന്ധപ്പെട്ടവരോട് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 17983288 എന്ന നമ്പറിലോ അല്ലെങ്കിൽ വാട്സ്ആപ് വഴി 33266988 എന്ന നമ്പറിലോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാം.
2019ലെ പൊതുശുചീകരണ നിയമം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളോ പാഴ്വസ്തുക്കളോ പൊതു ഇടങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം മുനിസിപ്പൽ അധികൃതർക്ക് നൽകുന്നുണ്ട്. ഉടമകൾ മുന്നോട്ടുവന്നില്ലെങ്കിൽ ലേലം വഴി വാഹനം നീക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളും ഈ നിയമത്തിൽ പറയുന്നു
Vehicles removed from public places must be returned to their owners before October 16th





























