റിയാദ്:(gcc.truevisionnews.com) ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഖത്തറിലുള്ളവർക്ക് ഐക്യദാർഢ്യമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
ഇസ്രായേലിന്റെ ആക്രമണം ഖത്തറിന്റെ പരാമാധികാരത്തിന് നേരെയെന്നും ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും സൗദി പറഞ്ഞു. ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇസ്രായേലിന്റെ നീക്കം മേഖലയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും സൗദി നല്‍കുന്നു.
ഇസ്രായിലിന്റേത് ഭീരുത്വ നടപടിയെന്ന് യുഎഇയും പ്രതികരിച്ചു. ഖത്തറിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല വ്യക്തമാക്കി. ഖത്തറിന് പൂർണ പിന്തുണയെന്നും യുഎഇ പറഞ്ഞു.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഇസ്രായേല്‍ സ്ഫോടനങ്ങൾ നടത്തിയത്. ഗസ്സ സമാധാന ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം. ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ടുവച്ച ഗസ്സ വെടിനിർത്തൽ നിർദ്ദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് ഹമാസ് വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു. നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Saudi Arabia declares support for Qatar following Israeli attack.