Sep 9, 2025 02:08 PM

മനാമ: (gcc.truevisionnews.com) ബഹ്റൈനിൽ വ്യക്തികളും സ്ഥാപനങ്ങളും സംഭാവനകൾ ശേഖരിക്കുന്നതിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. പൊതുലക്ഷ്യങ്ങൾക്കായി പണം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട 2013-ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ നിയമത്തിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ അംഗീകാരം നൽകി.

പുതിയ നിയമം അനുസരിച്ച്, സംഭാവന പിരിക്കൽ, ലൈസൻസ്, അനധികൃത പണസമാഹരണം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് കർശന വ്യവസ്ഥകൾ ബാധകമാകും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

∙ലൈസൻസ്

നിയമവിധേയമായി പ്രവർത്തിക്കുന്ന സംഘടനയ്​ക്കോ സ്ഥാപനങ്ങൾക്കോ പൊതുലക്ഷ്യത്തിനായി പണം സമാഹരിക്കുന്നതിന് അല്ലെങ്കിൽ മതപരമായ ലക്ഷ്യത്തിനായി വ്യക്തികൾക്ക് പണം പിരിക്കാനും അനുവദിച്ചുകൊണ്ടുള്ളതാണ് ലൈസൻസ്.

നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ മുൻകൂർ അനുമതിയില്ലാതെ പണസമാഹരണം അനുവദിക്കില്ല. വ്യക്തികൾക്ക് മതപരമായ ലക്ഷ്യത്തിന് മാത്രമേ പണം ശേഖരിക്കാൻ അനുമതി നൽകുകയുള്ളു.

∙അനധികൃത സംഭാവന അറിയിക്കണം

അനുമതിയില്ലാതെ സംഭാവന ശേഖരിച്ചാൽ അക്കാര്യം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചിരിക്കണം. സംഭാവന നിരസിക്കാനോ അനുവദിക്കാനോ മന്ത്രാലയം 30 ദിവസമെടുക്കും. മന്ത്രാലയത്തിൽ നിന്ന് മറുപടി ലഭിക്കാത്ത പക്ഷം സംഭാവന നിരസിച്ചതായി കണക്കാക്കണം.

∙കൃത്യമായി റിപ്പോർട്ട് നൽകണം

പണസമാഹരണത്തിന് ലൈസൻസുള്ളവർ ലൈസൻസ് കാലാവധി കഴിയുന്നതിന് അല്ലെങ്കിൽ സംഭാവന സ്വീകരിച്ച് 30 ദിവസത്തിനകം വിശദമായ റിപ്പോർട്ട് മന്ത്രാലയത്തിന് നൽകിയിരിക്കണം. ധനസമാഹരണം ഒരു വർഷത്തിൽ കൂടുമെങ്കിൽ നിർബന്ധമായും വാർഷിക റിപ്പോർട്ട് നൽകിയിരിക്കണം.

∙ശിക്ഷ കനക്കും

തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ചാൽ ആജീവനാന്തം അല്ലെങ്കിൽ കുറഞ്ഞത് 10 വർഷം തടവും 1,00,000 (ഏകദേശം 2,33,63,092 ഇന്ത്യൻ രൂപ) മുതൽ 5,00,000 (11,68,15,462 ഇന്ത്യൻ രൂപ) ബഹ്റൈൻ ദിനാർ വരെ പിഴയും ചുമത്തും. ലൈസൻസില്ലാതെ സംഭാവന ശേഖരിച്ചാൽ ജയിൽ ശിക്ഷയോ അല്ലെങ്കിൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയോ ചുമത്തും. കണ്ടുകെട്ടുന്ന പണം സന്നദ്ധ പ്രവർത്തനങ്ങൾക്കായി മന്ത്രാലയം വിനിയോഗിക്കും. നിയമ വ്യവസ്ഥകൾ ലംഘിച്ചാൽ 10,000 ബഹ്റൈൻ ദിനാർ വരെ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്താൻ മന്ത്രാലയത്തിന് അനുമതിയുണ്ട്. ലംഘനത്തിന്റെ തീവ്രത അനുസരിച്ചാണിത്.

New law in Bahrain, strict restrictions on donation collection, could result in fines of crores

Next TV

Top Stories










News Roundup






//Truevisionall