ദുബായ്: (gcc.truevisionnews.com)ആകാശത്ത് അവിസ്മരണീയ കാഴ്ചയൊരുക്കി യുഎഇയിൽ പൂർണ ചന്ദ്രഗ്രഹണവും രക്തചന്ദ്രനും ദൃശ്യമായി. രാത്രി 8,27-ന് ഭാഗിക ഗ്രഹണത്തോടെയാണ് ഈ ആകാശവിസ്മയം ആരംഭിച്ചത്. ഭൂമിയുടെ നിഴൽ ചന്ദ്രനെ മറച്ചതോടെ ചന്ദ്രൻ കടും ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിൽ തിളങ്ങി. രാത്രി 9.30-ന് പൂർണ ഗ്രഹണവും 10.12-ന് പരമാവധി ഗ്രഹണവും ദൃശ്യമായി. യുഎഇയിൽ ഇനി 2028 ഡിസംബർ 31-നായിരിക്കും ഒരു പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.
ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് യുഎഇയിലെ പല പള്ളികളിലും പ്രത്യേക നമസ്കാരം (സ്വലാത്തുൽ ഖുസൂഫ്) നടന്നു. പ്രകൃതിയുടെ അദ്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കാനും ദൈവാനുഗ്രഹം തേടാനും വിശ്വാസികൾ ഈ സമയം പ്രയോജനപ്പെടുത്തി. ദുബായ് ആസ്ഥാനമായുള്ള ഫൊട്ടോഗ്രഫറായ റാമി ദിബോ, ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ ബ്ലഡ് മൂണിന്റെ മനോഹരമായൊരു ടൈംലാപ്‌സ് വിഡിയോ പകർത്തി.
ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് (ഡാഗ്) സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി എടുത്ത ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് പിന്നിലൂടെ ബ്ലഡ് മൂൺ സഞ്ചരിക്കുന്ന ദൃശ്യം, വാസ്തുവിദ്യയുടെയും പ്രകൃതിയുടെയും സൗന്ദര്യം ഒത്തുചേരുന്ന അപൂർവ കാഴ്ചയായി. വിഡിയോയ്ക്ക് പശ്ചാത്തലമായി ഇമേജിൻ ഡ്രാഗൺസിന്റെ 'ഓൺ ടോപ് ഓഫ് ദ് വേൾഡ്' എന്ന ഗാനം നൽകിയിട്ടുണ്ട്.
ദുബായിലെ ഒരു ഹോട്ടൽ ജനറൽ മാനേജരായ മെലിസ കൺലിഫ് ബ്ലഡ് മൂണിനെ 'ആകാശത്തെ ഒരു ചെറിയ ചോക്ലേറ്റ് ചിപ്പ്' എന്നാണ് വിശേഷിപ്പിച്ചത്. ദൂരദർശിനിയിലൂടെ കണ്ട കാഴ്ചകൾ അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് ഇന്ത്യക്കാരനായ വിരാസത് ഖാൻ പറഞ്ഞു.
Total lunar eclipse and blood moon visible in UAE