റിയാദ് : (gcc.truevisionnews.com) രണ്ട് ദിവസം മുൻപ് റിയാദിൽ നിന്ന് റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം, നെടുമങ്ങാട് നാലാഞ്ചിറ സ്വദേശി പാറൊട്ട്കോണം, താഴെകല്ലുവിള വീട്ടിൽ ശിവകുമാർ വിജയകുമാർ ശ്യാമള (38) ആണ് മരിച്ചത്.
റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാളെ കഴിഞ്ഞ രണ്ടു ദിവസമായി വാഹനവുമായി കാണാതായതിനെ തുടർന്ന് സ്വദേശി തൊഴിലുടമ ഇയാളെയും വാഹനത്തെയും കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഒപ്പം മലയാളി പ്രവാസി സംഘടനകൾ സമൂഹമാധ്യമത്തിലൂടെ വിവരം കൈമാറി അന്വേഷണം നടത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ റിയാദ് തൂക്കുപാലത്തിനു സമീപം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം. മൃതദേഹം ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒന്നര മാസം മുൻപാണ് ശിവകുമാർ പഴയ ജോലി മാറി പുതിയ തൊഴിലുടമയ്ക്ക് കീഴിലേക്ക് മാറിയത്. ഇയാളുടെ പാസ്പോർട്ടോ, നാട്ടിലേക്ക് ബന്ധപ്പെടാനുള്ള വിവരങ്ങളോ സംബന്ധിച്ച് പുതിയ തൊഴിലുടമയ്ക്ക് അറിവുണ്ടായിരുന്നില്ല.
തൊഴിലുടമയുടെ പക്കലുള്ള അബ്ഷിർ പ്ലാറ്റ്‌ഫോമിലെ വിവരങ്ങൾ ഉപയോഗിച്ച് മലയാളി സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്താലാണ് ശിവകുമാറിന്റെ നാട്ടിലെ വിലാസവും മറ്റ് പാസ്പോർട്ട് വിശദാംശങ്ങളും കണ്ടെത്തിയത്. വിജയകുമാർ തോമസ് നാടാർ, ശ്യാമള എന്നിവരാണ് മാതാപിതാക്കൾ. റിയാദിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട്.
An expatriate Malayali who went missing from Riyadh two days ago was found dead in his vehicle in Riyadh.