ജിദ്ദ:(gcc.truevisionnews.com) സൗദി അറേബ്യയിൽ നിന്ന് ലാഹോറിലേക്ക് പോയ വിമാനം ഇന്ധന ചോർച്ചയെത്തുടർന്ന് കറാച്ചിയിൽ അടിയന്തരമായി നിലത്തിറക്കി. വിമാനം ആകാശത്ത് വെച്ച് ഇന്ധനം ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ക്യാപ്റ്റൻ ഉൾപ്പെടെയുള്ള വിമാന ജീവനക്കാർ അടിയന്തര ലാൻഡിങ്ങിന് നിർദേശം നൽകിയത്.
സൗദിയിൽ ഉംറ നിർവഹിച്ച് മടങ്ങിയ തീർഥാടകർ ഉൾപ്പെടെ ഇരുന്നൂറിലധികം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ ജിദ്ദയിൽ നിന്ന് ലാഹോറിലേക്ക് തിരിച്ച സെറിനി എയർ വിമാനമാണ് കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഹാനികരമാകുന്ന തരത്തിൽ ഇന്ധന ചോർച്ച കണ്ടെത്തിയ ഉടൻ ക്യാപ്റ്റൻ വിവരം കറാച്ചി എയർ ട്രാഫിക് കൺട്രോൾ അധികൃതരെ അറിയിക്കുകയും തുടർന്ന് കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ലാഹോറിലേക്ക് എത്തിച്ചു.
ലാൻഡിങ്ങിന് ശേഷം വിമാനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ഇന്ധന ചോർച്ചയുള്ളതായി ഏവിയേഷൻ അധികൃതർ സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Fuel leak in transit; plane taking off from Saudi Arabia made emergency landing, averting a major disaster