ഷാർജ: (gcc.truevisionnews.com) യാത്രാരംഗത്തെ മത്സരം കടുപ്പിച്ച് എയർ അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ വൺവേ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. അടുത്ത മാസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇത് വലിയൊരു ആശ്വാസമാകും. സെപ്റ്റംബർ 5 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭിക്കുക.
ഈ ഓഫർ പ്രകാരം അബുദാബിയിൽ നിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേയ്ക്കും ഏകദേശം 255 ദിർഹത്തിന് (ഏകദേശം 5,700 രൂപ) ടിക്കറ്റുകൾ ലഭിക്കും. സെപ്റ്റംബർ 15നും നവംബർ 30നും ഇടയിലുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമായിട്ടുള്ളത്. ഈ ഓഫറുകൾക്ക് സീറ്റുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും. അതിനാൽ, വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് എയർലൈൻ അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവധിക്കാലം കഴിഞ്ഞ് തിരികെ പോകുന്ന പ്രവാസികൾക്കും ഹ്രസ്വകാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
നിലവിൽ മറ്റ് എയർലൈനുകളിലും ഇതേ റൂട്ടുകളിൽ ടിക്കറ്റുകൾക്ക് കുറവ് വന്നിട്ടുണ്ട്. ഈ ഓഫറുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും എയർ അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അതേസമയം, ഇന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ് നിൽക്കുന്നത്. ഒക്ടോബറിൽ മാത്രമേ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുള്ളൂ
Travel without emptying your pocket; Air Arabia offers huge offer on ticket prices