#Latest News #Kerala High Court #Police Protection #Kumbh Mela #Kochi
കൊച്ചി: (truevisionnews.com) കുംഭമേള ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ പെൺകുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കൊച്ചി പാലാരിവട്ടം പോലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. പെൺകുട്ടിയുടെ സുരക്ഷയ്ക്കായി വനിതാ എഎസ്ഐയെ ചുമതലപ്പെടുത്തിയതായി പോലീസ് കോടതിയെ അറിയിച്ചു.
തനിക്കെതിരെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും കടുത്ത വിദ്വേഷ പ്രചാരണം നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടി കഴിഞ്ഞ മാസമാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് ജൂൺ 19-ന് കോടതി സംരക്ഷണം അനുവദിച്ചിരുന്നെങ്കിലും, നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് ഇടക്കാല ഉത്തരവ് റദ്ദാക്കിയിരുന്നു.
എന്നാൽ, ആവശ്യമെങ്കിൽ പെൺകുട്ടിക്ക് നേരിട്ടെത്തി അപേക്ഷ നൽകാമെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തി രേഖാമൂലം അപേക്ഷ നൽകിയതോടെയാണ് കോടതി വീണ്ടും സംരക്ഷണം അനുവദിച്ചത്.

മുഹമ്മദ് ഫർമാനുമായുള്ള വിവാഹത്തിന് പിന്നാലെ തനിക്ക് നിരന്തരം വധഭീഷണികൾ വരുന്നുണ്ടെന്ന് പെൺകുട്ടി വ്യക്തമാക്കുന്നു. വിവാഹത്തിന് പിന്നാലെ ഫർമാനെതിരെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരും കേരള ഹൈക്കോടതിയെ സമീപിച്ച് ട്രാൻസിറ്റ് ജാമ്യം നേടുകയായിരുന്നു. ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് നിലവിൽ ഹൈക്കോടതിയുടെ ഇടപെടൽ.
Content Highlight: Kerala High Court Orders Police Protection For Kumbh Mela Girl Again
#Latest News #Kerala High Court #Police Protection #Kumbh Mela #Kochi



































