#Kozhikode Palayam Murder #Biju Murder Case #Kasaba Police #Relative Arrested
കോഴിക്കോട്: ( www.truevisionnews.com ) പാളയത്ത് കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ ബന്ധുവായ യുവാവിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. പുതിയകോവിലകംപറമ്പ് സ്വദേശി ബി. ബിജു (38)വിനെയാണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
പ്രതിയെന്ന് സംശയിക്കുന്നത് കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22-കാരനാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ മാനസികാസ്വാസ്ഥ്യം കാരണം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിജുവും ബന്ധുക്കളും ചേർന്നാണ് ഇയാളെ ബലമായി ആശുപത്രിയിലെത്തിച്ചത്.
ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ച പുലർച്ചെ 2.45-ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിജുവിന്റെ അച്ഛൻ രാജൻ ഫോണിൽ വിളിച്ചിരുന്നു.
അപ്പോൾ ഫോൺ റിങ് ചെയ്തെങ്കിലും ആരും എടുത്തില്ല. പിന്നീട് പുലർച്ചെ 3-ന് അമ്മ ബേബി വാതിൽ തുറന്നു നോക്കിയപ്പോഴാണ് കട്ടിലിൽ കൊല്ലപ്പെട്ടുകിടക്കുന്ന മകനെ കണ്ടത്. ഫോൺ, സ്കൂട്ടറിന്റെ താക്കോൽ, മുറിയുടെ താക്കോൽ എന്നിവ മുറിയിൽ നിന്ന് കാണാതായതായി പോലീസ് സ്ഥിരീകരിച്ചു.

കേസിൽ നിർണായകമായത് പ്രതിയുടെ കൈയിലെ പരിക്കും സിസിടിവി ദൃശ്യങ്ങളുമാണ്. ഞായറാഴ്ച മൃതദേഹം പാളയത്തെ തറവാട് വീട്ടിൽ എത്തിച്ചപ്പോൾ പ്രതിയും അവിടെയെത്തിയിരുന്നു. കൈക്കും മറ്റും പരിക്കുകൾ കണ്ടിരുന്നു.
പ്രൊഫഷണൽ കില്ലറല്ല കൊലയ്ക്ക് പിന്നിലെന്നും വീടിനെയും പരിസരത്തെയും കുറിച്ച് നല്ല ധാരണയുള്ള ആളാണ് പ്രതിയെന്നും അന്വേഷണ സംഘം വിലയിരുത്തി.മെഡിക്കൽ കോളേജ് എസിപി കെ.എം. ബിജു, ടൗൺ എസിപി കെ.വി. പ്രമോദൻ, കസബ ഇൻസ്പെക്ടർ പി.ജെ. ജിമ്മി, എസ്ഐ നിമിൻ കെ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം കൊലപാതകത്തിന് പിന്നിൽ ലഹരിസംഘമല്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി വ്യക്തമാക്കി. ലഹരിസംഘത്തെ കുറിച്ച് വിവരം നൽകിയതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Kozhikode Palayam Murder Case Relative Arrested By Kasaba Police
#Kozhikode Palayam Murder #Biju Murder Case #Kasaba Police #Relative Arrested



































