#Bahrain #Numbeo Safety Index 2026 #Safest Country #Gulf News #Bahrain Crime Rate #Qatar
മനാമ: (gcc.truevisionnews.com) 2026-ലെ നുംബിയോ മിഡ്-ഇയർ സേഫ്റ്റി ഇൻഡക്സിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലെത്തി ബഹ്‌റൈൻ. ലോകമെമ്പാടുമുള്ള 147 രാജ്യങ്ങളുടെ പട്ടികയിൽ 11-ാം സ്ഥാനമാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്.
അറബ് രാജ്യങ്ങളിൽ യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്തുമുണ്ട്.100-ൽ 77.7 പോയിൻ്റാണ് ബഹ്‌റൈൻ നേടിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യം സുരക്ഷാ സൂചികയിൽ അഞ്ച് സ്ഥാനങ്ങൾ മുന്നേറി. 2025-ൽ 15-ാം സ്ഥാനത്തും 2024-ൽ 16-ാം സ്ഥാനത്തുമായിരുന്നു ബഹ്‌റൈൻ. ഇത്തവണ സുരക്ഷാ സ്കോറിൽ 2.5 പോയിൻ്റിൻ്റെ വർധനവ് കൂടി രേഖപ്പെടുത്തി.
രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് 22.3 ശതമാനമായി കുറഞ്ഞതാണ് ഈ നേട്ടത്തിന് പ്രധാന കാരണം. കവർച്ച, വാഹന മോഷണം, ശാരീരിക ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ബഹ്‌റൈനിൽ വളരെ കുറവാണെന്ന് സൂചിക വ്യക്തമാക്കുന്നു. പ്രത്യേകിച്ച് രാത്രിയിൽ തനിച്ച് സുരക്ഷിതമായി പുറത്തിറങ്ങാനുള്ള സാഹചര്യത്തിൽ ബഹ്‌റൈൻ ജനതയ്ക്ക് ഉയർന്ന ആത്മവിശ്വാസമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 25 വർഷത്തിനിടെ രാജ്യത്തെ മൊത്തം കുറ്റകൃത്യങ്ങളുടെ നിരക്ക് 30 ശതമാനത്തോളം കുറയ്ക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്. സിസിടിവി നിരീക്ഷണം, സ്മാർട്ട് പോലീസിംഗ്, കമ്മ്യൂണിറ്റി പോലീസിംഗ് തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇതിന് സഹായകമായത്.നുംബിയോയുടെ റിപ്പോർട്ട് പ്രകാരം സുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്ത് അൻഡോറയും രണ്ടാം സ്ഥാനത്ത് യു.എ.ഇയും മൂന്നാം സ്ഥാനത്ത് ഖത്തറുമാണ്.

ഗൾഫ് രാജ്യങ്ങളിൽ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ബഹ്‌റൈൻ മാറിയതായി വിദഗ്ധർ വിലയിരുത്തുന്നു.ഈ നേട്ടം പ്രവാസികൾ ഉൾപ്പെടെയുള്ള ബഹ്‌റൈൻ നിവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. രാജ്യത്തിൻ്റെ സുരക്ഷിതത്വം ടൂറിസം മേഖലയ്ക്കും നിക്ഷേപകർക്കും കൂടുതൽ ആകർഷണീയത നൽകുമെന്നും പ്രതീക്ഷിക്കുന്നു.
Content Highlight: Bahrain Ranks 11th Safest Country in World in Numbeo 2026 Mid-Year Safety Index
#Bahrain #Numbeo Safety Index 2026 #Safest Country #Gulf News #Bahrain Crime Rate #Qatar



























