#Latest News #Air India Express #Resumes Gulf Services.
അബുദാബി/ മസ്കത്ത്/കുവൈത്ത് സിറ്റി: (gcc.truevisionnews.com) ∙ മേഖലയിലെ സംഘർഷം മൂലം നിർത്തിവച്ചിരുന്ന പശ്ചിമേഷ്യയിലെ എല്ലാ സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ വിമാന സർവീസുകൾ പുനരാരംഭിച്ചതു മധ്യവേനൽ അവധിക്കു നാട്ടിലേക്കു പോകുന്നവർക്കു ഗുണകരമായി.
യുഎഇയിലെ സ്കൂളുകൾ ഇന്ന് അടയ്ക്കും. അവധിക്കാലത്ത് മുൻകാലങ്ങളിൽ മാസങ്ങൾക്കു മുൻപുതന്നെ ബുക്കിങ് തീർന്നിരുന്നുവെങ്കിൽ ഇത്തവണ വിമാന ടിക്കറ്റുകൾ ലഭ്യമാണെന്നതു ശ്രദ്ധേയമാണ്.
സലാല (ഒമാൻ), കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ മുതൽ ആരംഭിച്ചതോടെ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ സാധാരണ നിലയിലായതായി വിമാന കമ്പനി അറിയിച്ചു. യുഎഇയിൽ നിന്നുള്ള സർവീസുകൾ കഴിഞ്ഞ മാസം തന്നെ പുനരാരംഭിച്ചിരുന്നു.
യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ 18 നഗരങ്ങളെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് ആഴ്ചയിൽ 780 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ നടത്തിവരുന്നത്.
കൂടുതൽ സർവീസുകൾ പുനരാരംഭിച്ചതോടെ പ്രവാസികളുടെ യാത്ര സുഗമമാകുമെന്നും ഈ നീക്കം പശ്ചിമേഷ്യൻ മേഖലയുമായുള്ള ബന്ധം ശക്തമാക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
∙ മസ്കത്ത്–മംഗളൂരു
ഇന്നു മുതൽ മസ്കത്ത്–മംഗളൂരു സർവീസും പുനഃസ്ഥാപിച്ചു.
∙ കോഴിക്കോട്–സലാല
ഇന്നലെ മുതൽ ആരംഭിച്ച കോഴിക്കോട്–സലാല സർവീസ് ആഴ്ചയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും.
∙ കോഴിക്കോട്– കുവൈത്ത്
ഇന്നു മുതൽ സർവീസ് തുടങ്ങുന്ന കോഴിക്കോട്-കുവൈത്ത് സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമാണെങ്കിലും മറ്റന്നാൾ മുതൽ ആഴ്ചയിൽ മൂന്നു ദിവസമായി വർധിപ്പിക്കും
∙ ബെംഗളൂരു–കുവൈത്ത്
നാളെ മുതൽ ബെംഗളൂരു–കുവൈത്ത് സർവീസ് ആരംഭിക്കും. 7 മുതൽ ആഴ്ചയിൽ മൂന്ന് ദിവസമായി വർധിപ്പിക്കും
∙ കുവൈത്ത് സർവീസ് ടെർമിനൽ 4 വഴി
കുവൈത്തിലേക്കുള്ള എല്ലാ സർവീസുകളും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴിയായിരിക്കും പ്രവർത്തിക്കുക
Content Highlight: Air India Express resumes Gulf services.
























.jpeg)









