Jul 3, 2026 08:11 AM

#Latest News #Abu Dhabi Police #Issues Warning

അബുദാബി: (gcc.truevisionnews.com) യുഎഇയിലെ സ്കൂളുകളിൽ വേനലവധി ആരംഭിക്കാനിരിക്കെ, അടുത്ത രണ്ട് മാസത്തെ യാത്രകൾക്ക് മുൻപായി വീടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഓർമിപ്പിച്ച് അബുദാബി പൊലീസ്. ‘സുരക്ഷിത വേനൽക്കാലം’ (സേഫ് സമ്മർ) എന്ന പേരിൽ നടത്തുന്ന ബോധവൽക്കരണ ക്യാംപെയ്നിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

യാത്ര പോകുന്നതിന് മുൻപ് വീടുകൾ കൃത്യമായി പൂട്ടി സുരക്ഷിതമാക്കുന്നത് വഴി ഉണ്ടാകാനിടയുള്ള വലിയ അപകടങ്ങളും സുരക്ഷാഭീഷണികളും ഒഴിവാക്കാൻ സാധിക്കുമെന്ന് പൊലീസ് ഓർമിപ്പിച്ചു.

വീടുകളിൽനിന്ന് പുറപ്പെടുന്നതിന് മുൻപ് എല്ലാ വാതിലുകളും ജനലുകളും സുരക്ഷിതമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സിസിടിവി ക്യാമറകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉള്ളവർ അവ പ്രവർത്തനക്ഷമമാക്കണം. ആവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടുകയും ഗ്യാസ്, വാട്ടർ കണക്ഷനുകൾ പൂർണമായി വിച്ഛേദിക്കുകയും വേണം.

വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും സുരക്ഷിതമായ ലോക്കറുകളിലേക്ക് മാറ്റാനും പൊലീസ് നിർദേശിച്ചു.

∙ സമൂഹമാധ്യമത്തിലെ യാത്രാവിവരങ്ങൾ ഒഴിവാക്കുക

യാത്രാ പദ്ധതികളെക്കുറിച്ചോ എത്ര ദിവസം നാട്ടിൽ ഉണ്ടാകില്ലെന്ന വിവരങ്ങളോ സമൂഹമാധ്യമത്തിൽ വഴി പരസ്യപ്പെടുത്തരുതെന്ന് പൊലീസ് പ്രത്യേകം ഓർമിപ്പിച്ചു. ഇത്തരം വിവരങ്ങൾ സാമൂഹികവിരുദ്ധർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. യാത്രയിലായിരിക്കുന്ന സമയത്ത് വിശ്വസ്തരായ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീടും പരിസരവും നിരീക്ഷിക്കാൻ ഏൽപ്പിക്കുന്നത് കൂടുതൽ സുരക്ഷിതത്വം നൽകും.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ഈ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. സുരക്ഷാ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വീടുകളുടെ പരിസരങ്ങളിൽ സംശയാസ്പദമായ സാഹചര്യങ്ങളോ ആളുകളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി പൊലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.



Content Highlight: Do not share travel details on social media Abu Dhabi Police issues warning

#Latest News #Abu Dhabi Police #Issues Warning

Next TV

Top Stories










News Roundup






Entertainment News