#Latest News #Gas Price #Saudi Arabia
സൗദി അറേബ്യ: (gcc.truevisionnews.com) സൗദി അറേബ്യയില്‍ പാചകവാതക നിരക്ക് കുത്തനെ ഉയര്‍ത്തി. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ വില നാഷണല്‍ ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (GASCO) പുറത്തുവിട്ടു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ എല്‍പിജി സിലിണ്ടറുകളുടെ നിരക്കിലുള്ള അസമത്വം ഇല്ലാതാക്കാനും ഗുണനിലവാരവും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നീക്കം എന്ന് ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി അറിയിച്ചു.
മൂല്യവര്‍ധിത നികുതി (വാറ്റ്), ഗതാഗത നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ വില പ്രകാരം 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് റീഫില്‍ ചെയ്യുന്നതിനുള്ള ചെലവ് 37 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം 5 കിലോഗ്രാം സിലിണ്ടറിന് റീഫില്‍ ചെയ്യുന്നതിന് 16.82 റിയാലായിരിക്കുമെന്ന് കമ്പനി അറിയിച്ചു. സെന്‍ട്രല്‍ ഗ്യാസ് ടാങ്കുകള്‍ വീണ്ടും നിറയ്ക്കുന്നതിനുള്ള വില ലിറ്ററിന് റിയാലിന് 1.69 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ജനുവരിയില്‍ രാജ്യവ്യാപകമായി ഉയര്‍ത്തിയ ഏകീകൃത എല്‍പിജി നിരക്കിന് പകരമായാണ് GASCO പുതിയ നിരക്ക് കൊണ്ട് വരുന്നത്. പഴയ നിരക്കനുസരിച്ച് 11 കിലോഗ്രാം സിലിണ്ടറിന് റീഫില്‍ ചെയ്യുന്നതിനുള്ള നിരക്ക് 26.23 റിയാലും 5 കിലോഗ്രാം സിലിണ്ടറിന് റീഫില്‍ ചെയ്യുന്നതിനുള്ള നിരക്ക് 11.93 റിയാലും ആയിരുന്നു. പുതുക്കിയ നിരക്കില്‍ നികുതിയും ഗതാഗത നിരക്കും ഉള്‍പ്പെടുന്നു എന്നും ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി അറിയിച്ചു. എന്നാല്‍ പ്രവാസികളെ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ പാചകവാതക നിരക്ക് വര്‍ധന പ്രതികൂലമായും ബാധിക്കും.

Content Highlight: Cooking gas prices hiked sharply in Saudi Arabia.






























