#Latest news #Kuwait #Indian passport #Fees increased
കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് വിതരണം, പുതുക്കൽ ഉൾപ്പെടെയുള്ള വിവിധ കോൺസുലാർ സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. ഇന്ത്യൻ സർക്കാരിന്റെ നിർദേശപ്രകാരം ജൂൺ 25-ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
സാധാരണ പാസ്‌പോർട്ടുകൾ, ജംബോ പാസ്‌പോർട്ടുകൾ, കേടുപാടുകൾ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്‌പോർട്ടുകൾക്ക് പകരമുള്ളവ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് , പൗരത്വം ഉപേക്ഷിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാവിധ അനുബന്ധ സേവനങ്ങൾക്കും പുതിയ നിരക്കുകൾ ബാധകമായിരിക്കും. പുതുക്കിയ വിശദമായ വിവരങ്ങൾ എംബസി വെബ്‌സൈറ്റിൽ ലഭ്യമാണ്.
പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്കുള്ള 36 പേജുള്ള സാധാരണ പാസ്‌പോർട്ട് ഫീസ് 23 ദിനാറിൽ നിന്ന് 38 ദിനാറായും, 60 പേജുള്ള ജംബോ പാസ്‌പോർട്ട് ഫീസ് 53 ദിനാറായും ഉയർത്തി. മുതിർന്നവരുടെ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് എടുക്കുന്നതിന് 36 പേജിന് 46 ദിനാറിന് പകരം 76 ദിനാറും, 60 പേജിന് 53 ദിനാറിന് പകരം 91 ദിനാറും ഇനി മുതൽ നൽകണം.
കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള പുതിയ പാസ്‌പോർട്ട് ഫീസ് 15 ദിനാറിൽ നിന്ന് 26 ദിനാറായി വർധിപ്പിച്ചിട്ടുണ്ട്. ഇവരുടെ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ പകരം പുതിയത് എടുക്കുന്നതിനുള്ള ഫീസ് 46 ദിനാറിൽ നിന്ന് 65 ദിനാറായും ഉയർത്തി.

കൂടാതെ പി.സി.സി , പാസ്‌പോർട്ട് അധിഷ്ഠിത ജനന സർട്ടിഫിക്കറ്റ്, എൻ.ആർ.ഐ (NRI) സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, പൗരത്വം ഉപേക്ഷിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയ മറ്റ് അനുബന്ധ സേവനങ്ങളുടെ നിരക്കുകൾ 8 ദിനാറിൽ നിന്ന് 13 ദിനാറായി വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, എമർജൻസി സർട്ടിഫിക്കറ്റുകളുടെ നിരക്ക് 5 ദിനാറായും ഐഡന്റിറ്റി സർട്ടിഫിക്കറ്റുകളുടെ നിരക്ക് 16 ദിനാറായും മാറ്റമില്ലാതെ തുടരും.
Content Highlight: Fees increased for Indian passport renewal and related services in Kuwait




































