#Latest news #ganja #Perumbavoor #Arrest
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മന്നൻ ദാഫോദർ (35) ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇരിങ്ങോൾ വൈദ്യശാലപടി ഭാഗത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് കച്ചവടം. പ്രധാനമായും മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു വില്പന. 500 രൂപ, 1000 രൂപ നിരക്കിലുള്ള ചെറിയ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത്. കഞ്ചാവ് തൂക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. കുറച്ചുനാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
എസ്ഐ ബി.എം. ചിത്തു ജി, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, പി.എ. ഷംസു, സീനിയർ സിപിഒമാരായ ബെന്നി ഐസക്ക്, കെ.എ. നൗഫൽ, സിപിഒമാരായ ഇ.എം. രാജേഷ്, റോബിൻ ജോയി, രജിത്ത് നിസാമുദ്ദീൻ, അൻസി എൻ. കാസിം തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlight: Migrant worker arrested in Perumbavoor with one kilogram of cannabis




































