അബുദാബി : (https://gcc.truevisionnews.com/) ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള കോഴിയിറച്ചി ഉറപ്പാക്കുന്നതിനായി അബുദാബിയിൽ പുതിയ 'പ്രീമിയം ഫൂഡ് മാർക്ക്' സർട്ടിഫിക്കേഷൻ പദ്ധതി വരുന്നു. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന കോഴിയിറച്ചി ഉൽപന്നങ്ങൾക്ക് വരും മാസമായ ജൂൺ മുതൽ ഈ പുതിയ ലേബലിങ് സംവിധാനം നിർബന്ധമാക്കുമെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ അറിയിച്ചു.
ഉയർന്ന ഗുണനിലവാരമുള്ള തീറ്റ നൽകി ആരോഗ്യകരമായ സാഹചര്യങ്ങളിൽ വളർത്തുന്ന കോഴികളുടെ ഇറച്ചിക്കു മാത്രമാണു സർക്കാർ അംഗീകൃത മുദ്ര നൽകുക. നിലവിലുള്ള എമിറേറ്റ്സ് ക്വാളിറ്റി മാർക്കിനെക്കാൾ ഉയർന്ന സാങ്കേതിക പരിശോധനകൾക്കു ശേഷമായിരിക്കും പ്രീമിയം മാർക്ക് അനുവദിക്കുകയെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ബദർ അൽഷെമൈലി വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന വിദേശ ബ്രാൻഡുകളോടു മത്സരിക്കാൻ യുഎഇയിലെ പ്രാദേശിക ഉൽപാദകർക്കു പദ്ധതി വലിയ കരുത്താകും. അൽഐൻ ഫാം ഉൾപ്പെടെ പ്രമുഖ പ്രാദേശിക കമ്പനികൾ ഈ പദ്ധതിക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Abu Dhabi launches premium food mark for quality chicken




































