#Latest News #UAE Weather #Temperature
അബുദാബി : (gcc.truevisionnews.com) യുഎഇയിൽ ഇന്നു വേനൽച്ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പെരുന്നാൾ അവധി പ്രമാണിച്ച് തുറസ്സായ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും ഒത്തുചേരാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
വെയിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധരും നിർദേശിച്ചു. ഇതേസമയം തീരദേശ മേഖലകളിൽ നേരിയ ഈർപ്പമുള്ള കാലാവസ്ഥയും തുടരും. ഒമാൻ അതിർത്തി പങ്കിടുന്ന ചില മലയോര മേഖലകളിൽ വേനൽമഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കടുത്ത ചൂടിൽ പുറത്തിറങ്ങുന്നവർക്ക് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി. തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കും. ശരീരത്തിൽ ഉപ്പിന്റെയും ജലത്തിന്റെയും അളവ് കുറയുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കും.
പുറത്തിറങ്ങുന്നവർ കുട ഉപയോഗിക്കുകയും കൂളിങ് ഗ്ലാസ് ധരിക്കുകയും വേണം. അയഞ്ഞ പരുത്തി വസ്ത്രമാണ് ഉത്തമം. 2 നേരം കുളിക്കുന്നതും ശരീരോഷ്മാവ് ക്രമീകരിക്കാൻ സഹായിക്കും.

പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. ദിവസേന കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളം കുടിക്കണം. കൃത്യമായ വ്യായാമവും ഉറക്കവും നല്ലതാണ്. കടുത്ത ചൂട് അനുഭവപ്പെടുന്ന രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
Content Highlight: Content Highlights:-UAE Weather Warning Temperatures May Reach 45c Today






















.jpg)








