#Latest News #Oman #New law
മസ്‌കറ്റ്: (gcc.truevisionnews.com) ഒമാനിലെ ഊർജ്ജ, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു. മുൻപ് പ്രഖ്യാപിച്ചിരുന്ന ഇളവ് സമയപരിധി അവസാനിച്ച സാഹചര്യത്തിൽ, വരും ജൂൺ ഒന്ന് മുതൽ പുതിയ നിയമം കർശനമായി പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
നിശ്ചിത തീയതിക്ക് മുൻപായി രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലൈസൻസ് കൈപ്പറ്റണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
തൊഴിൽ വിപണി കൃത്യമായി നിയന്ത്രിക്കുന്നതിനും പ്രധാന വ്യവസായ മേഖലകളിലെ പ്രൊഫഷണൽ നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്തുന്നതിനുമായി 'ഒമാൻ എനർജി അസോസിയേഷനുമായി' സഹകരിച്ചാണ് മന്ത്രാലയം ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
പുതിയ നിയമം നിലവിൽ വരുന്നതോടെ നിർദ്ദിഷ്ട തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സാധുവായ പ്രൊഫഷണൽ ലൈസൻസ് ഇല്ലെങ്കിൽ അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കൂടാതെ, പുതുതായി ഒമാനിലേക്ക് എത്തുന്ന വിദേശ തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസിംഗിന്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാതിരിക്കുകയോ ലൈസൻസ് നടപടികൾ പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്ന കമ്പനികൾക്കും തൊഴിലാളികൾക്കുമെതിരെ നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച് വലിയ തുക സാമ്പത്തിക പിഴ ഈടാക്കാനാണ് തീരുമാനം.
ഊർജ്ജ, ഖനന മേഖലയിലെ ഒട്ടുമിക്ക സാങ്കേതിക-ഓപ്പറേഷണൽ തസ്തികകൾക്കും ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അഡ്വൈസർമാർ, ക്രെയിൻ-ഹെവി എക്യുപ്‌മെന്റ് ഓപ്പറേറ്റർമാർ, ഡ്രില്ലിംഗ് തൊഴിലാളികൾ, വെൽഡർമാർ, ഇലക്ട്രീഷ്യന്മാർ, മെക്കാനിക്കുകൾ, മെയ്ന്റനൻസ് ടെക്നീഷ്യന്മാർ, പൈപ്പ് ഫിറ്റർമാർ, സിഎൻസി മെഷീൻ ഓപ്പറേറ്റർമാർ തുടങ്ങിയ പ്രധാന തസ്തികകളിലുള്ളവർക്കാണ് ലൈസൻസ് നിർബന്ധമാക്കിയത്.
അംഗീകരിക്കപ്പെട്ട തസ്തികകളുടെ പട്ടിക കൃത്യമായി പരിശോധിച്ച്, ബാധകമായ എല്ലാ ജീവനക്കാരെയും സമയബന്ധിതമായി മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യിക്കാൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
content highlights:- New law to come into effect in Oman from June 1




































