---
title: "യാത്രക്കാർ ശ്രദ്ധിക്കുക .... ജാഗ്രതാ നിർദ്ദേശം; എബോള ഭീഷണിയെത്തുടർന്ന് ഒമാനിൽ പുതിയ യാത്രാ നിബന്ധനകൾ"
english_title: "Content Highlights:- Oman issues strict warning, cautionary advice to travelers and airlines over Ebola"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361601/content-highlights-oman-issues-strict-warning-cautionary-advice-to-travelers-and-airlines-over-ebola"
published_at: "2026-05-25T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f533ddbd9_ebola.jpg"
keywords: ["Latest News", "OMAN", "Ebola Virus"]
---

# യാത്രക്കാർ ശ്രദ്ധിക്കുക .... ജാഗ്രതാ നിർദ്ദേശം; എബോള ഭീഷണിയെത്തുടർന്ന് ഒമാനിൽ പുതിയ യാത്രാ നിബന്ധനകൾ

> **Lead Summary:** മസ്‌കറ്റ്: കോൺഗോ ജനാധിപത്യ റിപ്പബ്ലിക്കിലും ഉഗാണ്ടയിലും എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഒമാനിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രതാ നിർദേശം പുറത്തിറക്കി.

## Article Content

മസ്‌കറ്റ്: കോൺഗോ ജനാധിപത്യ റിപ്പബ്ലിക്കിലും ഉഗാണ്ടയിലും എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഒമാനിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രതാ നിർദേശം പുറത്തിറക്കി.

'ബുന്ദിബുഗ്യോ' വൈറസ് വകഭേദവുമായി ബന്ധപ്പെട്ട് മേയ് 24-ന് പുറത്തിറക്കിയ സർക്കുലറിൽ ലോകാരോഗ്യ സംഘടനയുടെ ശുപാർശകളും ആഗോള ആരോഗ്യ മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് നിർദേശം പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

ഒമാനിലെ മെഡിക്കൽ റെസ്പോൺസ് വിഭാഗവുമായി സഹകരിച്ചാണ് നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

രോഗവ്യാപനം തടയുന്നതിനായി ഒമാനിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും രോഗബാധിത പ്രദേശങ്ങളിലേക്കോ അവിടെ നിന്ന് വരുന്ന യാത്രക്കാരും കർശന ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.

എബോള ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം, പ്രാദേശിക ആരോഗ്യ വകുപ്പുകളും ലോകാരോഗ്യ സംഘടനയും പുറത്തിറക്കുന്ന ആരോഗ്യ മുന്നറിയിപ്പുകൾ നിരന്തരം പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ആവശ്യമായ സാഹചര്യങ്ങളിൽ ചികിത്സയും മെഡിക്കൽ എവാക്വേഷനും ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

രോഗബാധിത പ്രദേശങ്ങളിൽ കഴിയുന്ന സമയത്ത് പനി, രക്തസ്രാവം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി.

രോഗബാധിതരുടെ രക്തം, ശരീര ദ്രാവകങ്ങൾ, വ്യക്തിപരമായ ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതും അപകടകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361601/content-highlights-oman-issues-strict-warning-cautionary-advice-to-travelers-and-airlines-over-ebola)