#Sunstroke #Saudi Arabia #Extreme heat #umbrellas regularly
മക്ക : (https://gcc.truevisionnews.com/) ഇത്തവണത്തെ ഹജ്ജ് തീർത്ഥാടന കാലയളവിൽ മക്കയിലും പരിസര പ്രദേശങ്ങളിലും താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്. കടുത്ത ചൂടിനെ പ്രതിരോധിക്കാനും തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുമായി സൗദി അധികൃതർ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വിശുദ്ധ സ്ഥലങ്ങൾക്കിടയിൽ സഞ്ചരിക്കുന്നതിനിടെ ചൂട്, ക്ഷീണം, സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി തീർഥാടകർ സ്ഥിരമായി കുടകൾ ഉപയോഗിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
കുടകൾ വെറും തണൽ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും തീർഥാടകരുടെ ചുറ്റും താപനില 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കുകയും ഹജ് കർമ്മങ്ങൾ നിർവഹിക്കുന്നതിനിടെ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
മേയ് 25ന് ഹജ് കർമ്മങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് മദീന, മക്ക, വിശുദ്ധ സ്ഥലങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന വഴികളിൽ സ്ഥിരതയുള്ളതുമായ അതീവ ചൂടുള്ള പകൽ കാലാവസ്ഥ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മക്കയിൽ 47° വരെയും മദീനയിൽ 44° സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈർപ്പനിരക്ക് 40 ശതമാനം വരെ എത്താനും തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. യാത്രയ്ക്ക് മുൻപ് വാഹനങ്ങൾ പരിശോധിക്കണം, സുരക്ഷാ നിർദേശങ്ങൾ പാലിക്കണം, നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് കുടിവെള്ളമടക്കമുള്ള ദ്രാവകങ്ങൾ കുടിക്കണം എന്ന് കാലാവസ്ഥാ അതോറിറ്റി തീർഥാടകരോടും യാത്രക്കാരോടും ആവശ്യപ്പെട്ടു.
Content Highlights:- Risk of sunstroke: Saudi Arabia urges pilgrims to use umbrellas regularly




































