#Latest News #Abdul Raheem #Saudi Jai #Release Delayed #Kozhikode Native
റിയാദ്: ( gcc.truevisionnews.com ) സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് ഇന്ന് പുറത്തിറങ്ങിയില്ല. കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ ഇന്ന് അവസാനിച്ച പശ്ചാത്തലത്തിൽ, ഇന്ന് തന്നെ എക്സിറ്റ് വീസ നേടി റഹീമിനെ നാട്ടിലെത്തിക്കാനായിരുന്നു മോചന സമിതിയുടെ ശ്രമം. എന്നാൽ ഈ നീക്കം ഫലപ്രാപ്തിയിലെത്താത്തതിനെ തുടർന്ന് നാളെയെങ്കിലും ഉത്തരവ് സമ്പാദിക്കാനുള്ള കഠിനശ്രമത്തിലാണ് സമിതി ഭാരവാഹികൾ.
വരാനിരിക്കുന്ന ബലിപെരുന്നാൾ അവധിക്ക് മുൻപ് റഹീമിനെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗ നീക്കങ്ങളാണ് റിയാദിൽ പുരോഗമിക്കുന്നത്. എന്നാൽ നാളെയും എക്സിറ്റ് ലഭിച്ചില്ലെങ്കിൽ പെരുന്നാൾ അവധിക്ക് ശേഷം മാത്രമേ മോചനം സാധ്യമാകൂ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ശിക്ഷാകാലാവധി പൂർത്തിയായ സാഹചര്യത്തിൽ റഹീമിനെ ഫൈനൽ എക്സിറ്റ് കാത്തിരിക്കുന്നവർക്കായുള്ള പ്രത്യേക തടവുകേന്ദ്രത്തിലേക്ക് മാറ്റും.
ഇവിടെ നിന്നായിരിക്കും തുടർന്നുള്ള നടപടികൾ. യാത്രയ്ക്കായി ഇന്ത്യൻ എംബസി അനുവദിച്ച താൽക്കാലിക പാസ്‌പോർട്ട് ഉപയോഗിച്ചാണ് നിലവിൽ എക്സിറ്റിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നാളെ അനുമതിപത്രം ലഭിച്ചാൽ റഹീമിന് ഉടൻ തന്നെ നാട്ടിലേക്ക് വിമാനം കയറാനാകും.
2006 ഡിസംബർ 24നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി കൊല്ലപ്പെട്ട കേസിൽ റഹീം ജയിലിലാവുന്നത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് സമാഹരിച്ച ദയാധനം ഇന്ത്യൻ എംബസി വഴി നേരത്തെ റിയാദ് കോടതിയിൽ അടച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയ കോടതി, തുടർന്ന് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാൻ ഉത്തരവിടുകയായിരുന്നു. ആ തടവുകാലമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
Content Highlights:- Abdul Raheem Saudi Jail Release Delayed
#Latest News #Abdul Raheem #Saudi Jai #Release Delayed #Kozhikode Native




































