കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കുവൈത്തിൽ നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 8,938 പേർക്കെതിരെ കേസെടുത്തതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. 2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 22 വരെയുള്ള കാലയളവിലെ കണക്കാണിതെന്ന് ട്രാഫിക് റെഗുലേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ബദർ അൽ-ഖത്താൻ വ്യക്തമാക്കി.
'സുരക്ഷിതമായി പാത മുറിച്ചുകടക്കൂ' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ജിസിസി ട്രാഫിക് വീക്കിന്റെ സമാപന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഡ്രൈവർമാരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും റോഡ് സുരക്ഷ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
റോഡ് അനധികൃതമായി മുറിച്ചുകടക്കുന്നത് അപകടകരമാണെന്നും നിയമലംഘകർക്ക് 20 മുതൽ 75 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കാമെന്നും ജനറൽ ട്രാഫിക് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിശ്ചിത പാതകൾ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്നത് ജീവൻ അപകടത്തിലാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക, ട്രാഫിക് സിഗ്നലുകൾ പാലിക്കുക, വാഹനങ്ങൾ പൂർണമായി നിർത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഇരുവശവും പരിശോധിക്കുക, നിർദ്ദിഷ്ട പാതകൾ മാത്രം ഉപയോഗിക്കുക എന്നിവയും ട്രാഫിക് വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
Kuwait fines 8,938 people in one year




































