റിയാദ്: ( gcc.truevisionnews.com ) സൗദി അറേബ്യയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ ദേശീയ വനവൽക്കരണ പരിപാടി വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി കൈകോർക്കുന്നു. പരിസ്ഥിതി സംരക്ഷണ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും രാജ്യത്തുടനീളം വനവൽക്കരണം വ്യാപിപ്പിക്കാനുമായി 11 പ്രമുഖ സ്ഥാപനങ്ങളുമായാണ് പുതിയ സഹകരണ കരാറുകളിൽ ഒപ്പുവെച്ചത്.
റിയാദിൽ നടക്കുന്ന ‘സൗദി പരിസ്ഥിതി വാരം 2026’ പ്രദർശന നഗരിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. പരിസ്ഥിതി, ജല, കൃഷി ഉപമന്ത്രി എൻജി. മൻസൂർ അൽമുശൈതിയുടെ സാന്നിധ്യത്തിലാണ് കരാറുകൾ കൈമാറിയത്. പരിസ്ഥിതി സംരക്ഷണത്തിൽ വിവിധ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
സസ്യവികസന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക നിക്ഷേപ-നിർവഹണ മാതൃക വികസിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതു-സ്വകാര്യ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുക, പരിസ്ഥിതി നിക്ഷേപങ്ങൾക്കാവശ്യമായ കൺസൾട്ടേഷനുകൾ നൽകുക, ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നിവ കരാറിലുൾപ്പെടുന്നു.
പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർ 2 എയർപോർട്ടുകളുമായി ചേർന്ന് വിപുലമായ വനവൽക്കരണത്തിന് തുടക്കമാകും. 2030-ഓടെ വിമാനത്താവള പരിസരങ്ങളിൽ മൂന്ന് ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനം.
ഇതിനുപുറമെ, യാത്രക്കാരിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി വിമാനത്താവളങ്ങളിലെ സ്‌ക്രീനുകളിൽ പ്രത്യേക ബോധവൽക്കരണ വിഡിയോകൾ പ്രദർശിപ്പിക്കുകയും പ്രദർശന ബൂത്തുകൾ ഒരുക്കുകയും ചെയ്യും.
New leap in forestry; Saudi Arabia joins hands with 11 leading institutions





































