അബുദാബി: (gcc.truevisionnews.com) വാഹനമോടിക്കുമ്പോഴുള്ള ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ് നടുക്കുന്ന അപകട ദൃശ്യങ്ങൾ പുറത്തുവിട്ടു.
കൃത്യമായ മുൻകരുതലുകളില്ലാതെ റോഡിലേക്ക് വാഹനം പ്രവേശിക്കുന്നതും ഡ്രൈവിങ്ങിനിടയിലെ ശ്രദ്ധക്കുറവും മൂലം ഉണ്ടായ രണ്ട് വാഹനാപകടങ്ങളുടെ വീഡിയോയാണ് 'നിങ്ങളുടെ അഭിപ്രായം' (ലക്കും അല്‍ തഅ്‌ലീഖ്) എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പോലീസ് പങ്കുവെച്ചത്.
പാർക്കിങ്ങിൽ നിന്നും പെട്ടെന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച വാഹനം മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെടുന്നതും, നിയന്ത്രണം വിട്ട് ബാരിയറുകളിൽ ഇടിച്ച് മറിയുന്നതുമായ ദൃശ്യങ്ങളാണ് ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശമായി പോലീസ് നൽകുന്നത്.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിങ്ങിന് 800 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും.
സുരക്ഷിതമല്ലാത്ത രീതിയിൽ റോഡിലേക്ക് പ്രവേശിക്കുന്നവർക്ക് 400 ദിർഹവും നാല് ബ്ലാക്ക് പോയിന്റുകളുമാണ് പിഴ. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും ശ്രദ്ധ തിരിക്കുന്ന മറ്റ് കാര്യങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്നും, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് ഡ്രൈവർമാരോട് വീണ്ടും ആവശ്യപ്പെട്ടു.
റോഡിൽ പ്രവേശിക്കുന്നതിന് മുൻപ് മറ്റു വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.
Abu Dhabi Police releases shocking footage of accident





































