അബൂദബി: ( gcc.truevisionnews.com)സമുദ്ര മേഖലയിലെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി സ്വയം നിയന്ത്രിത ബോട്ടിന്റെ പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമായി. സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി സംയോജിത ഗതാഗത കേന്ദ്രമാണ് (ഐ.ടി.സി) 23 അടി നീളമുള്ള ഈ അത്യാധുനിക ബോട്ട് പുറത്തിറക്കിയത്.
അബൂദബി നിക്ഷേപ ഓഫിസ്, ബ്ലൂ ഗള്‍ഫ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് അബൂദബി ഇന്‍റിലിജന്‍റ് സിസ്റ്റംസ് കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. മുസഫ പോലുള്ള കടൽതീര നിയന്ത്രണ കേന്ദ്രങ്ങളില്‍ നിന്നാണ് സ്വയം നിയന്ത്രണ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഇതിലൂടെ സമുദ്രമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം സാധ്യമാകും. എമിറേറ്റിലെ സ്മാര്‍ട്ട് മൊബിലിറ്റി അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അബൂദബി മാരിടൈമുമായി സഹകരിച്ച് ജലപാതകളിലെ നിരീക്ഷണവും നിയമം നടപ്പാക്കലും ശക്തിപ്പെടുത്താൻ സ്വയംനിയന്ത്രിത ബോട്ടുകൾ കൂടുതൽ സഹായകമാവുമെന്നാണ് വിലയിരുത്തൽ. സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നിര്‍മിത ബുദ്ധിയെയും സ്വയംനിയന്ത്രിത സംവിധാനങ്ങളെയും സമന്വയിപ്പിച്ച് 2026ഓടെ സ്മാര്‍ട്ട് മൊബിലിറ്റിയുടെയും നവീകരണത്തിന്‍റെയും ആഗോള കേന്ദ്രമാക്കി അബൂദബിയെ മാറ്റുകയാണ് ലക്ഷ്യം.
Driverless boat for ocean surveillance; Test run begins in Abu Dhabi




































