കുവൈത്ത് സിറ്റി : ( gcc.truevisionnews.com ) വിഭാഗീയത വളർത്താൻ ശ്രമിച്ചതിനും ഇറാനോട് അനുഭാവം പുലർത്തി പ്രചാരണം നടത്തിയതിനും കുവൈത്തിൽ നാലു പേർക്ക് മൂന്ന് വർഷം വീതം തടവുശിക്ഷ. കുവൈത്ത് ദേശീയ സുരക്ഷാ - ഭീകരവിരുദ്ധ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റ് 50 പേരെ തടവുശിക്ഷയിൽ നിന്ന് ഒഴിവാക്കിയെങ്കിലും 1,000 മുതൽ 3,000 കുവൈത്ത് ദീനാർ വരെ പിഴ ചുമത്തി. ഇവർ ഭാവിയിൽ നല്ല പെരുമാറ്റം നിലനിർത്തണമെന്നും കോടതി കർശനമായി ഉത്തരവിട്ടു. കേസിൽ പ്രതികളായിരുന്ന മറ്റ് എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കി.
സമൂഹമാധ്യമം വഴി ഇറാനെ അനുകൂലിച്ച് പോസ്റ്റുകൾ പങ്കുവെക്കുക, വിഭാഗീയത സൃഷ്ടിക്കാൻ പ്രേരിപ്പിക്കുക, വ്യാജവാർത്തകൾ പ്രചരിപ്പിക്കുക, രാജ്യസുരക്ഷയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
നിയമവിരുദ്ധമായ ഭീകരസംഘടനകളോട് നേരിട്ടോ അല്ലാതെയോ സഹതാപം പ്രകടിപ്പിക്കുന്നതും, അവരുടെ നേതാക്കളെ പുകഴ്ത്തുന്നതും, അത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നതും സമൂഹത്തിന്റെ സുരക്ഷയെയും അടിത്തറയെയും തകർക്കുന്നതാണെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. രാജ്യം സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ജനങ്ങൾക്കിടയിൽ ഐക്യദാർഢ്യം അത്യന്താപേക്ഷിതമാണെന്നും, ഇത്തരം പ്രവൃത്തികൾ ദേശീയ കടമയുടെ ലംഘനമാണെന്നും കോടതി കൂട്ടിച്ചേർത്തു.
ക്രിമിനൽ കോടതിയുടെ ഈ വിധി ഇനി അന്തിമ തീരുമാനത്തിനായി ദേശീയ സുരക്ഷാ അപ്പീൽ കോടതിയിലേക്ക് വിടും. ഇത്തരം കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ കഴിഞ്ഞ മാർച്ചിലാണ് കുവൈത്തിൽ പ്രത്യേക ദേശീയ സുരക്ഷാ - ഭീകരവിരുദ്ധ കോടതികൾ സ്ഥാപിച്ചത്. സമാനമായ കേസിൽ കഴിഞ്ഞ ആഴ്ചയും ഇതേ കോടതി 17 പേർക്ക് മൂന്ന് വർഷം വീതം തടവും 109 പേർക്ക് പിഴയും വിധിച്ചിരുന്നു. ആ കേസിൽ ഒമ്പത് പേരെയാണ് അന്ന് കുറ്റവിമുക്തരാക്കിയിരുന്നത്.
Four sentenced to prison in Kuwait for pro-Iran propaganda via social media




































