ഷാർജ: ( gcc.truevisionnews.com ) എമിറേറ്റിൽ തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഷാർജ പൊലീസ് പ്രത്യേക കർമസേനയെ നിയോഗിച്ചു. സ്ഥാപനങ്ങളെ ഷാർജ ഒക്ക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യുകയും ആവശ്യമായ പരിശീലനം നൽകുകയുമാണ് ലക്ഷ്യം.
റജിസ്റ്റർ ചെയ്യാത്ത കമ്പനികളെ കണ്ടെത്തി സംവിധാനത്തിന്റെ ഭാഗമാക്കുന്നതിന് പരിശോധന ഊർജിതമാക്കും. കമ്പനികൾക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും പ്രത്യേക പരിശീലന പരിപാടികളും നൽകും. തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറയ്ക്കാനും ജീവനക്കാരുടെ സുരക്ഷ കൂട്ടാനും നീക്കം സഹായിക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
അപകട ശേഷം നടപടിയെടുക്കുന്ന രീതിക്ക് പകരം, അവയെ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഷാർജ പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിവൻഷൻ ആൻഡ് സേഫ്റ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അഹമ്മദ് സഈദ് അൽ നൂർ പറഞ്ഞു.
സേനയുമായി എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്നും സുരക്ഷാ നിയമങ്ങൾ പൂർണമായി പാലിക്കണമെന്നും അക്രഡിറ്റേഷൻ ആൻഡ് ട്രെയിനിങ് വിഭാഗം ഡയറക്ടർ കേണൽ ജാസിം ബിൻ താലിയ അഭ്യർഥിച്ചു. മനുഷ്യവിഭവശേഷി സംരക്ഷിക്കുന്നതിനും സുരക്ഷിത ജോലി സാഹചര്യം ഒരുക്കുന്നതിനുമുള്ള ഷാർജയുടെ വിപുലമായ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ തുടക്കം.
Sharjah Police launches special task force to ensure workplace safety































