---
title: "സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി"
english_title: "The body of a Malayali student who died of a heart attack in Saudi Arabia was buried in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356650/the-body-of-a-malayali-student-who-died-of-a-heart-attack-in-saudi-arabia-was-buried-in-riyadh"
published_at: "2026-05-01T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f47db64044c_riyad.jpg"
keywords: []
---

# സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

> **Lead Summary:** റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി വിദ്യാർത്ഥി ഹനീൻ അബ്ദുസമദിന്‍റെ മൃതദേഹം റിയാദിൽ ഖബറടക്കി.

## Article Content

റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി വിദ്യാർത്ഥി ഹനീൻ അബ്ദുസമദിന്‍റെ മൃതദേഹം റിയാദിൽ ഖബറടക്കി.

ബുധനാഴ്ച വൈകീട്ട് എക്സിറ്റ് 15-ലെ അൽരാജ്ഹി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ഖബറടക്കം നടന്നത്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.

കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പ്ലസ് വൺ ക്ലാസിെൻറ ആദ്യ ദിവസം സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഹനീൻ വീട്ടിൽ കുഴഞ്ഞുവീണത്.

ഉടൻ തന്നെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടായി റിയാദിൽ തന്നെ തുടരാൻ തീരുമാനിച്ച ഹനീൻ കുടുംബത്തിെൻറ വലിയ പ്രതീക്ഷയായിരുന്നു.

ഖുർആൻ ഹൃദിസ്ഥമാക്കുന്നതിലും ഫുട്ബാളിലും ഹനീൻ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഹാദി അബ്ദുറഹ്‌മാൻ, ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങൾ.

റിയാദ് കെ.എം.സി.സി ഭാരവാഹികളായ ഷറഫു പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ജാഫർ വീംബൂർ, സലീം സിയാംകണ്ടം, മുഹമ്മദ് കുട്ടി കുറിയോടം എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356650/the-body-of-a-malayali-student-who-died-of-a-heart-attack-in-saudi-arabia-was-buried-in-riyadh)