അബുദാബി: ( gcc.truevisionnews.com ) യുഎഇയിലെ സ്കൂളുകൾക്ക് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. മേയ് 25 മുതൽ 29 വരെയാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേഷൻ ജീവനക്കാർക്കും അവധി ലഭിക്കുക. വാരാന്ത്യ, പൊതു അവധികൾ കഴിഞ്ഞ് ജൂൺ ഒന്നിനു സ്കൂളുകൾ തുറക്കും.
അതേസമയം യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നടപ്പ് അധ്യയന വർഷത്തെ മൂന്നാം സെമസ്റ്ററിലെ അവധിയും പരീക്ഷാ തീയതികളും പ്രഖ്യാപിച്ചു. മൂന്നാം സെമസ്റ്ററിന്റെ പകുതിയോടനുബന്ധിച്ചുള്ള ‘മിഡ് ടേം’ അവധിയും ബലി പെരുന്നാൾ (ഈദുൽ അദ്ഹ) അവധിയും ഒരേസമയത്താണ് വരുന്നത്.
ഹ്രസ്വമായ അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും വിദ്യാർഥികൾ ക്ലാസുകളിലേക്ക് മടങ്ങിയെത്തുക. തുടർന്ന് അധ്യയന വർഷത്തെ അവസാന മൂല്യനിർണയ ഘട്ടത്തിലേക്ക് സ്‌കൂളുകൾ കടക്കും. ജൂൺ 15, 16 തീയതികളിൽ മോഡൽ പരീക്ഷകൾ നടക്കും. ഇതിന് പിന്നാലെ ജൂൺ 17ന് ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് ഔദ്യോഗിക അവധിയായിരിക്കും. അന്തിമ പരീക്ഷകൾക്ക് തൊട്ടുമുൻപ് ലഭിക്കുന്ന ഈ അവധി ദിനങ്ങൾ പരീക്ഷാ തയ്യാറെടുപ്പുകൾക്കായി വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും.
ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് അവസാന പാദ പരീക്ഷകൾ നടക്കുക. പരീക്ഷകൾ പൂർത്തിയാകുന്ന ജൂലൈ മൂന്നാം തീയതി അധ്യയന വർഷത്തെ അവസാന പ്രവൃത്തിദിവസമായിരിക്കും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ചെറിയ ഇടവേളയ്ക്ക് ശേഷം ആവേശത്തോടെ ക്ലാസുകളിലെത്തിയ വിദ്യാർഥികൾക്ക് ദീർഘമായ വേനലവധിക്ക് മുൻപുള്ള അവസാന കടമ്പയാകും ഈ പരീക്ഷകൾ. കൃത്യമായ പ്ലാനിംഗോടെ പരീക്ഷകളെ നേരിടാൻ വിദ്യാർഥികളെ സഹായിക്കുന്ന രീതിയിലാണ് മന്ത്രാലയം കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.
Eid al-Adha holiday declared for schools in UAE































