ദോഹ: (gcc.truevisionnews.com) മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യ-ഖത്തർ വിമാന സർവീസുകൾ മേയ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാന കമ്പനികളാണ് സർവീസുകൾ പഴയപടിയാക്കുന്നതെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഏകദേശം രണ്ട് മാസമായി നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് അയവു വന്നതോടെയാണ് പ്രവാസികൾക്ക് ആശ്വാസകരമായ ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലും വ്യോമപാതകൾ അടച്ചതിനാലുമായിരുന്നു നേരത്തെ സർവീസുകൾ നിർത്തിവെച്ചിരുന്നത്.
എന്നാൽ മേഖലയിൽ വെടിനിർത്തൽ നിലവിൽ വന്നതും സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് വിമാന കമ്പനികൾ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. യാത്രക്കാർക്ക് വിമാന കമ്പനികളുടെ വെബ്സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
സർവീസുകൾ പുനരാരംഭിക്കുമെങ്കിലും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനങ്ങളുടെ സമയക്രമത്തിൽ നേരിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് എംബസി അധികൃതർ മുന്നറിയിപ്പ് നൽകി.
അതിനാൽ യാത്ര തിരിക്കുന്നതിന് മുൻപായി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Flight services to Qatar resume





































