അബുദാബി: (gcc.truevisionnews.com ) യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് ഗണ്യമായി വർദ്ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വേനൽക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് തിങ്കൾ, ബുധൻ ദിവസങ്ങളിൽ താപനിലയിൽ വലിയ വർദ്ധനവുണ്ടാകാനാണ് സാധ്യത.
രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിൽ ഇന്ന് താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബി, ദുബായ് തുടങ്ങിയ തീരദേശ നഗരങ്ങളിലും ഈ ആഴ്ച താപനില 40 ഡിഗ്രിക്ക് മുകളിൽ പോകാൻ സാധ്യതയുണ്ട്. ഞായറാഴ്ച രാവിലെ 9.45 മുതൽ രാത്രി 9.45 വരെ രാജ്യത്ത് 'മഞ്ഞ ജാഗ്രത' പ്രഖ്യാപിച്ചു.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാലാണിത്.അറേബ്യൻ ഗൾഫിൽ തിരമാലകൾ 1.8 മീറ്റർ വരെ ഉയർന്നേക്കാം. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
തിങ്കളാഴ്ച കാറ്റിന്‍റെ വേഗത കൂടുന്നതിനൊപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ആപേക്ഷിക ആർദ്രത 70 ശതമാനം വരെ ഉയർന്നേക്കാം. ഇത് അസ്വസ്ഥത വർധിപ്പിക്കാൻ കാരണമാകും.
കഴിഞ്ഞ ശനിയാഴ്ച അൽ ഐനിലെ അൽ ഖ്വയിൽ 43.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. മാർച്ചിൽ അനുഭവപ്പെട്ട കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും പിന്നാലെയാണ് ഇപ്പോൾ രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങുന്നത്.
The Meteorological Department has issued a three-day alert





































