ഷാർജ: (gcc.truevisionnews.com ) തിരക്കേറിയ ജങ്ഷനുകളിൽ റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഷാർജ പൊലീസ്. നിയമലംഘനം മൂലമുണ്ടാകുന്ന ഗുരുതരമായ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പൊലീസ് ബോധവൽക്കരണം ശക്തമാക്കിയത്.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. പൊലീസ് ഓപ്പറേഷൻസ് സെന്ററിലെ തത്സമയ നിരീക്ഷണ ദൃശ്യങ്ങളും നിയമലംഘനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളുടെ ദൃശ്യങ്ങളും സംയോജിപ്പിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
റോഡിലുണ്ടാവുന്ന അശ്രദ്ധയുടെ ഒരു നിമിഷം മതി ജീവൻ അപകടത്തിലാക്കാനെന്ന് വീഡിയോ പുറത്തുവിട്ടു കൊണ്ട് പൊലീസ് വ്യക്തമാക്കി. 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന ഓപറേഷൻ സെന്‍ററിന്‍റെ സംവിധാനങ്ങളാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.
കൂടാതെ ഉയർന്ന റസല്യൂഷനിലുള്ള ക്യാമറകൾ ഉപയോഗിച്ച് പ്രധാന ജങ്ഷനുകളിലുടനീളം വാഹനങ്ങളുടെ നീക്കം ട്രാക്ക് ചെയ്യാനും അതുവഴി നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താനും കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി.
യഥാസമയം നിയമലംഘനങ്ങൾ തിരിച്ചറിഞ്ഞ് നിയമ നടപടികൾ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. എമിറേറ്റിലെ തിരക്കേറിയ ജങ്ഷനിൽ വെള്ള നിറത്തിലുള്ള സെഡാൻ കാർ എത്തുന്നതും റെഡ് സിഗ്നൽ തെളിഞ്ഞെങ്കിലും നിർത്താതെ പോകുന്നതും വീഡിയോയിൽ കാണാം. ഇയാളുടെ പെരുമാറ്റം മൂലം ശരിയായ രീതിയിൽ സഞ്ചരിച്ച മറ്റ് വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്കിടേണ്ടി വരുന്നതും കാണാം. തലനാരിഴക്കാണ് അവിടെ അപകടം ഒഴിവായത്. അശ്രദ്ധമായ ഡ്രൈവിങ് എങ്ങനെയാണ് നിരവധി വാഹനങ്ങളെ അപകടത്തിലാക്കുന്നുവെന്നതിനുള്ള മികച്ച ഉദാഹരമാണ് ഈ ദൃശ്യങ്ങൾ എന്നും പൊലീസ് വ്യക്തമാക്കി.
Sharjah Police warns drivers who run red lights will be caught






























.jpeg)






