ദുബൈ: (gcc.truevisionnews.com )യു.എ.ഇയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ യാത്രയ്ക്ക് ചുരുങ്ങിയത് പത്ത് ദിവസം മുമ്പെങ്കിലും പ്രതിരോധ വാക്സിൻ എടുക്കണമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവിസസ് (ഇ.എച്ച്.എസ്) നിർദേശിച്ചു.
തീർഥാടന വേളയിലെ വലിയ ജനക്കൂട്ടത്തിനിടയിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതൽ. വാക്സിൻ എടുത്ത ശേഷം ശരീരത്തിൽ ആവശ്യമായ പ്രതിരോധ ശേഷി രൂപപ്പെടാൻ നിശ്ചിത സമയം ആവശ്യമായതിനാലാണ് നേരത്തെ തന്നെ കുത്തിവെപ്പ് എടുക്കാൻ ആവശ്യപ്പെടുന്നത്.
കഠിനമായ ശാരീരിക അധ്വാനം ആവശ്യമായ ഹജ്ജ് കർമങ്ങളിൽ തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഈ മുൻകരുതൽ അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.
ഹാജിമാർക്കായി അടുത്തിടെ ഇറക്കിയ ഏറ്റവും പുതിയ മാർഗനിർദേശങ്ങളിലും നിർബന്ധ പ്രതിരോധ വാക്സിൻ കുത്തിവെപ്പിനെ കുറിച്ച് ഇ.എച്ച്.എസ് എടുത്തുപറഞ്ഞിരുന്നു. ആരോഗ്യാവസ്ഥയും പ്രായവും അനുസരിച്ച് ന്യുമോകോക്കൽ വാക്സിനേഷൻ ആണ് അധികൃതർ ശിപാർശ ചെയ്യുന്നത്.
കോവിഡ് 19 വാക്സിനും അധികൃതർ ശിപാർശ ചെയ്യുന്നുണ്ട്. കൂടാതെ യാത്ര ചെയ്യുന്നതിന്‍റെ ഒരു മാസം മുമ്പ് ഡോക്ടറെ കണ്ട് ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ശാരീരികമായ തയ്യാറെടുപ്പ് നടത്തുകയും വേണം. സഹിഷ്ണുത വർധിപ്പിക്കുന്നതിനായി ദിവസവും 30 മിനിറ്റ് നേരം എയറോബിക് വ്യായാമങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണെന്നും മാർഗനിർദേശങ്ങളിൽ അധികൃതർ വ്യക്തമാക്കുന്നു.
Hajj pilgrims should get vaccinated 10 days before; Emirates Health Services advises
































