മസ്‌കത്ത്: (gcc.truevisionnews.com) ഒമാനിൽ കനത്ത മഴയും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ദാഹിറ, ദാഖിലിയ, തെക്ക് വടക്കൻ ബാത്തിന, മസ്‌കത്ത് ഗവർണറേറ്റുകളിലും ഹജർ മലനിരകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം അവസാനം വരെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുള്ള സമയങ്ങളിൽ ഹജർ മലനിരകളിലും മരുഭൂമി പ്രദേശങ്ങളിലുമുള്ളവർ ഇടിമിന്നൽ ജാഗ്രത നിർദേശം പാലിക്കണം.
കനത്ത മഴയിൽ വാദികൾ പെട്ടെന്ന് നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുമായി മുറിച്ചുകടക്കുന്നത് ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണം. റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം.
അതേസമയം, ഒമാനിലെ മോശം കാലാവസ്ഥയെത്തുടർന്ന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ചില റൂട്ടുകളിലെ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി മുവാസലാത്ത് അറിയിച്ചു. അധികൃതർ നൽകിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഗതാഗത കമ്പനിയുടെ തീരുമാനം.
റദ്ദാക്കിയ ബസ് റൂട്ടുകൾ:
∙റൂട്ട് 6: അൽ ഖൂദ് സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി അൽ ഖൗദ്.
∙റൂട്ട് 7: മബേല അൽ ഖൂദ് ബുർജ് അൽ സഹ്‌വ
∙റൂട്ട് 10: മബേല സീബ് സൂഖ് ബുർജ് അൽ സഹ്‌വ
മോശം കാലാവസ്ഥയെ തുടർന്ന് ഏതെങ്കിലും റൂട്ടുകൾ അധികമായി റദ്ദാക്കേണ്ടി വന്നാൽ യാത്രക്കാരെ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി മവാസലാത്തിന്റെ 1551 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Heavy rains to continue in Oman public warned of caution bus services also cancelled





























