---
title: "സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു"
english_title: "Malayali nurse undergoing treatment in Saudi Arabia dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349200/malayali-nurse-undergoing-treatment-in-saudi-arabia-dies-new"
published_at: "2026-03-23T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0ce497618d_dad.jpg"
keywords: []
---

# സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു

> **Lead Summary:** **റിയാദ്: **ശ്വാസകോശ സംബന്ധമായ അസുഖം ഗുരുതരമായതിനെത്തുടർന്ന് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് ആണ് മരിച്ചത്.

## Article Content

**റിയാദ്: **ശ്വാസകോശ സംബന്ധമായ അസുഖം ഗുരുതരമായതിനെത്തുടർന്ന് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് ആണ് മരിച്ചത്.

ജിസാൻ അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് ആശുപത്രിയിൽ കഴിഞ്ഞ എട്ട് വർഷത്തിലധികമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. ശ്വാസകോശരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഈ മാസം അഞ്ചാം തീയതി മുതൽ ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില കൂടുതൽ വഷളാകുകയും ചെയ്തതോടെ വൈകിട്ട് നാലു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ചികിത്സാസമയത്ത് ഷെർലിക്കൊപ്പമുണ്ടായിരുന്നു. ഡേവിഡ് ജേക്കബിെൻറയും ശാന്തമ്മയുടെയും മകളായ ഷെർളി വിവാഹിതയാണ്. ജോബിനാണ് ഭർത്താവ്. ഇവർക്ക് കുട്ടികളില്ല.

നിലവിൽ അബൂഅരീഷ് ഡിഫൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായി സഹോദരി ഷൈനി അറിയിച്ചു. ഷെർളിയുടെ അപ്രതീക്ഷിത വിയോഗം അബൂഅരീഷിലെ സഹപ്രവർത്തകർക്കിടയിലും പ്രവാസി മലയാളി സമൂഹത്തിലും വലിയ ദുഃഖമുണ്ടാക്കി. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ പരേതയോടുള്ള ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349200/malayali-nurse-undergoing-treatment-in-saudi-arabia-dies-new)