മനാമ: (gcc.truevisionnews.com) ബഹ്റൈനിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. സാൽമാബാദിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ട 20 വയസ്സുകാരനായ അലി അൽ നഷീത്തിനെയാണ് കാണാതായത്. ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ അലി ഒരു സൂപ്പർമാർക്കറ്റിൽ പാർട്ട് ടൈം കാഷ്യറായും ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി 12.30ഓടെ ഐസ്ക്രീം വാങ്ങാനായി കാറിലാണ് അലി വീട്ടിൽനിന്ന് പുറപ്പെട്ടതെന്ന് പിതാവ് അബ്ദുൽ ജലീൽ പറഞ്ഞു.
തുടക്കത്തിൽ അലിയുടെ ഫോൺ ബെല്ലടിച്ചിരുന്നെങ്കിലും പിന്നീട് പെട്ടെന്ന് സ്വിച്ച് ഓഫ് ആയി. പകൽ മുഴുവൻ യൂനിവേഴ്സിറ്റിയിലും വൈകീട്ട് ജോലിസ്ഥലത്തുമായി സമയം ചെലവഴിച്ച് അർധരാത്രിയോടെയാണ് സാധാരണ അലി വീട്ടിലെത്താറുള്ളത്. കഴിഞ്ഞ സെപ്റ്റംബറിൽ അലിക്ക് ഒരു വലിയ വാഹനാപകടം സംഭവിച്ചിരുന്നു. തലയോട്ടിക്ക് ഒന്നിലധികം ഒടിവുകളും ശ്വാസകോശത്തിന് പരിക്കുകളും പറ്റി ഏകദേശം ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ മരുന്നുകൾ കഴിച്ചുവരികയാണ്. കാമിസ് പോലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.
പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ബഹ്‌റൈനിലെ ഒരു ആശുപത്രിയിലോ മെഡിക്കൽ സെന്ററിലോ അലിയെ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളില്ല. അലിയോ അദ്ദേഹം ഓടിച്ചിരുന്ന കാറോ കിങ് ഫഹദ് കോസ്‌വേ വഴി അതിർത്തി കടന്നതായും രേഖകളില്ല. സുരക്ഷ ഉദ്യോഗസ്ഥർ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമായ തിരച്ചിൽ നടത്തിവരികയാണ്. ഈ യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 36777406 എന്ന നമ്പറിൽ ബന്ധപ്പെട്ട് കുടുംബത്തെ അറിയിക്കണമെന്ന് പിതാവ് അഭ്യർത്ഥിച്ചു.
20 year old Bahrain University student reported missing

































