കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനും ക്രമസമാധാന നില തകർക്കാനും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ ഭീകരസംഘത്തെ കുവൈത്ത് സുരക്ഷാസേന പിടികൂടി. ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായത്. 14 കുവൈത്ത് പൗരന്മാരും രണ്ട് ലബനീസ് സ്വദേശികളുമാണ് അറസ്റ്റിലായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇന്ന് അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിനും ഭീഷണിയാകുന്ന രീതിയിൽ വലിയ ഗൂഢാലോചനയാണ് സംഘം നടത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഭീകരസംഘത്തിൽ നിന്ന് മാരകായുധങ്ങളും അത്യാധുനിക ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
തോക്കുകൾ, വെടിയുണ്ടകൾ, കൊലപാതകങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേക ആയുധങ്ങൾ, സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന എൻക്രിപ്റ്റഡ് ആശയവിനിമയ ഉപകരണങ്ങൾ (മോഴ്സ് കോഡ് ഉപകരണങ്ങൾ). പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകൾ, ഭീകരസംഘടനകളുടെ പതാകകൾ, നേതാക്കളുടെ ചിത്രങ്ങൾ, പ്രധാന കേന്ദ്രങ്ങളുടെ ഭൂപടങ്ങൾ, ലഹരിമരുന്നും വൻതോതിൽ പണവും പരിശീലനത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങളും എന്നിവ പിടികൂടിയവയിൽ ഉൾപ്പെടും.
പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യലിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ സംഘവുമായി ബന്ധമുള്ള മറ്റാരെങ്കിലും രാജ്യത്തുണ്ടോ എന്നറിയാൻ സുരക്ഷാ ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും ആർക്കും ലംഘിക്കാനാകാത്ത 'റെഡ് ലൈൻ' ആണെന്നും ഇതിൽ തൊട്ടുതാലിക്കളിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Massive terror hunt in Kuwait 16 people linked to Hezbollah arrested weapons seized


































