മക്ക: (gcc.truevisionnews.com) മസ്ജിദുൽ ഹറാമിനുള്ളിൽ നിശ്ചിത സ്ഥലത്തല്ലാതെ അപകടകരമായ രീതിയിൽ നമസ്കാരം നിർവഹിച്ച തീർഥാടകനെതിരെ ഹജ്ജ്-ഉംറ സുരക്ഷ സേന നിയമനടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഹറമിനുള്ളിലെ ഒരു കൈവരിക്ക് (ഗ്ലാസ് ബാരിയർ) മുകളിൽ കയറിനിന്ന് ഇഹ്റാം വേഷധാരിയായ ഒരാൾ നമസ്കരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ സ്ഥലത്തെത്തിയ സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ ബാരിയറിൽനിന്നും താഴെയിറക്കി. തുടർന്ന് ഹറമിനുള്ളിൽ നമസ്കാരത്തിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് ഇയാളെ മാറ്റുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതായി പൊതു സുരക്ഷ വിഭാഗം അറിയിച്ചു.
ഇത്തരത്തിലുള്ള പ്രവൃത്തികൾ വ്യക്തിയുടെ ജീവന് ഭീഷണിയാണെന്ന് മാത്രമല്ല, പള്ളിക്കുള്ളിലെ നിലവിലുള്ള ചട്ടങ്ങളുടെയും സുരക്ഷ ക്രമീകരണങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. തീർഥാടകർ ഹറമിനുള്ളിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഹജ്ജ്-ഉംറ സുരക്ഷ സേന ആവശ്യപ്പെട്ടു.
Action taken against pilgrim for praying while standing on top of a pillar at Masjidul Haram

































