( www.truevisionnews.com ) ദുബായിലെ ഗതാഗതക്കുരുക്കിന് ആശ്വാസമേകി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) രണ്ട് പുതിയ പാലങ്ങൾ കൂടി ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഷെയ്ഖ് റാഷിദ് ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി ഊദ് മേത്ത, അൽ അസായേൽ സ്ട്രീറ്റുകളിലാണ് നിർമ്മാണം പൂർത്തിയായത്. പുതിയ പാലങ്ങൾ യാഥാർത്ഥ്യമായതോടെ ഈ മേഖലയിലൂടെയുള്ള യാത്രാസമയം 20 മിനിറ്റിൽ നിന്ന് വെറും അഞ്ച് മിനിറ്റായി കുറഞ്ഞു എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.
അൽ അസായേൽ സ്ട്രീറ്റിനെയും അൽ വാസൽ ക്ലബ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്നതാണ് ആദ്യ പാലം. രണ്ട് വരികളിലായി മണിക്കൂറിൽ 2,400 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഇതിന് ശേഷിയുണ്ട്. അൽ വാസൽ ക്ലബ് സ്ട്രീറ്റിനെയും അൽ ഖൈൽ റോഡിനെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലം മണിക്കൂറിൽ 3,000 വാഹനങ്ങൾ കടത്തിവിടാൻ സജ്ജമാണ്.
ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനൊപ്പം സാബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉമ്മുഹുറൈർ തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലകളിലെ താമസക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടും.
പദ്ധതിയുടെ മൊത്തത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 72 ശതമാനം പൂർത്തിയായതായി ആർടിഎ അറിയിച്ചു. ദുബായ്-അൽ ഐൻ റോഡിനെ ഔദ് മേത്ത സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ആകെ 14 കിലോമീറ്റർ റോഡുകളും നാലര കിലോമീറ്റർ നീളമുള്ള പാലങ്ങളും തുരങ്കങ്ങളും ഉൾപ്പെടുന്ന ഈ ബൃഹദ് പദ്ധതി ഈ വർഷം മൂന്നാം പാദത്തോടെ പൂർണ്ണമായും കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
Dubai traffic congestion solved Two new bridges opened


































