മനാമ: (gcc.truevisionnews.com) രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ, സൈറൺ മുഴങ്ങുമ്പോഴും ഫോണുകളിൽ അപായ സൂചനകൾ ലഭിക്കുമ്പോഴും പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ കർശനമായി പിന്തുടരണമെന്ന് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഡയറക്ടർ മേജർ ഹമദ് അൽ സ്വാർ അറിയിച്ചു.
മുഴങ്ങുന്നത് രണ്ട് തരം സൈറണുകളാണ്. അവ തിരിച്ചറിയണം. തുടർച്ചയായ ദീർഘനേരമുള്ള ശബ്ദം, അപകടം വരുന്നു എന്നതിന്‍റെ സൂചനയാണ്. ആ സമയം ഉടൻ തന്നെ വീടിനുള്ളിലോ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ അഭയം പ്രാപിക്കുക. വാഹനമോടിക്കുന്നവർ വഴിയിൽ വാഹനം നിർത്താതെ, സുരക്ഷിതമായ ഏതെങ്കിലും കെട്ടിടത്തിന് സമീപം പാർക്ക് ചെയ്ത് കെട്ടിടത്തിനുള്ളിലേക്ക് മാറണം.
ശബ്ദം കൂടി പിന്നീട് പതുക്കെ കുറയുന്ന രീതി ഭീഷണി ഒഴിഞ്ഞു എന്നതിന്‍റെ സൂചനയാണ്. എങ്കിലും പൂർണമായും ജാഗ്രത കൈവിടരുത്. സൈറൺ മുഴങ്ങുമ്പോൾ ആളുകൾ വീടിന്‍റെ ടെറസ്സിൽ കയറി ആക്രമണങ്ങൾ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരുന്നതിലും അധികൃതർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സൈറൺ മുഴങ്ങുന്നത് നിങ്ങളുടെ സുരക്ഷയ്ക്കാണെന്നും, വീഡിയോ ചിത്രീകരിക്കാനല്ലെന്നും അധികൃതർ അറിയിച്ചു.
വഴിയിൽ കാർ നിർത്തി ചിത്രങ്ങൾ പകർത്തുന്നതും അപകടകരമാണ്. തകർന്നു വീണ മിസൈൽ അവശിഷ്ടങ്ങളിൽ സ്പർശിക്കരുതെന്നും ആ സ്ഥലത്ത് നിന്ന് ഉടൻ മാറിനിൽക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നവർക്കും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കും. ഇതിനകം തന്നെ നിരവധി പേരെ ഇത്തരത്തിൽ പിടികൂടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
siren alert essential guidelines you need to know




























