ഷാർജ : ( gcc.truevisionnews.com ) യു.എ.ഇയുടെ ഭക്ഷ്യസുരക്ഷാ നയങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാർജയിൽ 'ഘെറാസ് അഗ്രികൾച്ചറൽ കമ്പനി' എന്ന പേരിൽ നൂതന കാർഷിക മാതൃകയ്ക്ക് തുടക്കമിടുന്നു. ഷാർജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അൽ ദൈദിൽ ഈ സംയോജിത കാർഷിക ഗവേഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ജൈവകൃഷി രീതികൾ പ്രോത്സാഹിപ്പിക്കാനും ആധുനിക ഗവേഷണങ്ങളിലൂടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
സുസ്ഥിരമായ കൃഷിരീതികൾ വഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പുതിയ ഗവേഷണാധിഷ്ഠിത സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കാനും 'ഘെറാസ്' കേന്ദ്രത്തിലൂടെ സാധിക്കും. മേഖലയിലെ ജൈവകൃഷി പ്രോത്സാഹനത്തിന് വലിയ കരുത്തുപകരുന്ന ഒന്നായിരിക്കും ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
ഇമിറാത്തിൽ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകളും 50 വർഷത്തിലേറെയായി സംരക്ഷിക്കപ്പെട്ടിട്ടുള്ള പ്രകൃതിദത്തമായ വിത്തുകളുമാണ് ഘെറാസ് ജൈവകൃഷിക്ക് ഉപയോഗിക്കുന്നത്. അനുബന്ധമായ ഫാമിൽ സിട്രസ്, ബ്രോക്കോളി, തക്കാളി, ഇലക്കറികൾ, സ്ട്രോബെറി, ഓർഗാനിക് ബ്ലൂബെറി എന്നിവയുൾപ്പെടെ വിവിധതരം പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കും.
32 ഹെക്ടറിലാണ് ഘെറാസ് ജൈവകൃഷി വ്യാപിച്ചുകിടക്കുന്നത്. ഘെറാസ് അഗ്രികൾച്ചറൽ കമ്പനിയുടെ ഭാഗമായി പ്രതിവർഷം 120 ടൺ വരെയുള്ള തേൻ ഉത്പാദനം, ചികിത്സാ ഉത്പന്നങ്ങൾ എന്നിവയ്ക്കുള്ള ഫാക്ടറി, കാർഷിക വിദ്യാർഥികൾക്കുള്ള താമസ സൗകര്യം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, മീറ്റിങ് സൗകര്യങ്ങൾ ഉൾപ്പെടെയുണ്ടാകും. നൂതന ജലസേചന ശൃംഖലകൾ, മരുഭൂമിയിൽ കൃഷിചെയ്യുന്നതിന് രൂപകല്പന ചെയ്ത സ്മാർട്ട് സംവിധാനങ്ങൾ തുടങ്ങിയവയും ഘെറാസ് അഗ്രികൾച്ചറൽ പദ്ധതിയിൽ ഉൾപ്പെടുന്നു.
ആദ്യഘട്ടത്തിൽ മൂന്ന് ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. പ്രതിവർഷം ഏതാണ്ട് 10 ടൺ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ ശേഷി 250 ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ.
അനുകൂലമായ കാർഷിക, പാരിസ്ഥിതിക സാഹചര്യങ്ങൾ, ചരിത്രപരമായ കാർഷിക പങ്കാളിത്തം, സർവകലാശാല, കാർഷിക കോളേജ് അടക്കം സമീപ സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് അൽ ദൈദിൽ ഘെറാസ് അഗ്രികൾച്ചറൽ കമ്പനി സ്ഥാപിക്കുന്നത്.
'Gheras' organic farming project launched on 32 hectares in Sharjah





























