സൗദി: ( gcc.truevisionnews.com ) വിമാനാപകടത്തെ തുടർന്ന് കരിപ്പൂർ വിട്ട സൗദിയ എയർലൈൻസ് 5 വർഷത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിലേക്കു തിരിച്ചെത്തുന്നു. ഫെബ്രുവരി ഒന്നിന് കോഴിക്കോട്–റിയാദ് സർവീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ഇന്നലെ തുടങ്ങി. ആഴ്ചയിൽ 4 സർവീസുകളാണു പ്രഖ്യാപിച്ചത്.
ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണു സർവീസ്. മാർച്ചിൽ കോഴിക്കോട്–ജിദ്ദ സർവീസ് ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രഖ്യാപിച്ച സമയക്രമം ഇങ്ങനെ: റിയാദിൽനിന്നു പ്രാദേശിക സമയം പുലർച്ചെ 1.20നു പുറപ്പെടുന്ന എസ്‌വി 712 വിമാനം പ്രാദേശിക സമയം രാവിലെ 8.35നു കരിപ്പൂരിലെത്തും. എസ്‌വി 713 വിമാനം രാവിലെ 9.45നു കരിപ്പൂരിൽനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.50നു റിയാദിലെത്തും.
ഇടത്തരം വലുപ്പമുള്ള അത്യാധുനിക എയർ ബസ് എ321 നിയോ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക. 188 പേർക്ക് യാത്ര ചെയ്യാം.മാർച്ച് അവസാനത്തോടെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 6 ആയി വർധിപ്പിക്കാൻ പദ്ധതിയുണ്ട്. ജിദ്ദയിൽനിന്ന് നേരിട്ടുള്ള സർവീസുകൾ മാർച്ചിൽ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
വലിയ വിമാനവുമായി കോഴിക്കോട് സർവീസ് നടത്തിയിരുന്ന സൗദി എയർലൈൻസ് ആദ്യം കരിപ്പൂർ വിട്ടത് 2015 മാർച്ചിലായിരുന്നു. റൺവേ റീ കാർപറ്റിങ്ങിനായി വലിയ വിമാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു അത്.
പണി പൂർത്തീകരിച്ച ശേഷം 2018 ഡിസംബറിൽ തിരിച്ചെത്തി. എന്നാൽ, 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്കു നിയന്ത്രണം വന്നതോടെ വീണ്ടും സർവീസ് നിർത്തേണ്ടിവന്നു. ഇടത്തരം വിമാനങ്ങൾ ഇല്ലാത്തതിനാൽ സർവീസ് തുടരാനായില്ല. ഇത്തവണ കരിപ്പൂരിന് അനുയോജ്യമായ വിമാനവുമായാണ് സൗദിയ എയർലൈൻസ് തിരിച്ചെത്തുന്നത്.
റിയാദിനു പുറമേ, ജിദ്ദ സർവീസ് കൂടി ആരംഭിക്കുന്നതോടെ പ്രവാസി കുടുംബങ്ങൾക്കും ഹജ്, ഉംറ തീർഥാടകർക്കും വലിയ ആശ്വാസമാകും.
After five years Saudia Airlines returns to Kozhikode Airport


































