അജ്മാൻ: ( gcc.truevisionnews.com ) യുഎഇയിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള, കണ്ണൂർ മട്ടന്നൂർ ആറളം സ്വദേശിനിയായ ഹഫീസയുടെ ചിത്രങ്ങളാണ് അനുമതിയില്ലാതെ പ്രചരിപ്പിച്ചത്.
ഷാർജയിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന ഹഫീസ, യുഎഇ സർക്കാരിന്റെ ലൈസൻസോടെ ബ്ലോഗിങ്ങും സോഷ്യൽ മീഡിയ മാർക്കറ്റിങ്ങും നടത്തിവരികയായിരുന്നു. രണ്ട് മസാജ് സെന്ററുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രത്യക്ഷപ്പെട്ടത്. 'മസാജിന് ലഭ്യമാണ്', 'റിലാക്‌സേഷൻ വാഗ്ദാനം ചെയ്യുന്നു' തുടങ്ങിയ അപകീർത്തികരമായ വാചകങ്ങളോടെയായിരുന്നു പ്രചാരണം.
തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ഹഫീസ നിയമനടപടികൾക്ക് മുന്നോട്ടു വരികയായിരുന്നു. യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷൻ വഴി റജിസ്റ്റർ ചെയ്ത പരാതിയിൽ പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സമൂഹമാധ്യമം വഴിയുള്ള അപകീർത്തിപ്പെടുത്തൽ യുഎഇയിൽ അതീവ ഗൗരവകരമായ കുറ്റകൃത്യമാണ്. 2021-ലെ സൈബർ നിയമപ്രകാരം ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് തടവുശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. സമൂഹമാധ്യമത്തിലെ മോശം പെരുമാറ്റങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ അധികൃതർ നേരത്തെ തന്നെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
A Kannur native was arrested for misusing the pictures of a Malayali woman who became an influencer in the UAE

































