മസ്കറ്റ്: (https://gcc.truevisionnews.com/) ഒമാനിലെ അദ് ദാഖിലിയ്യ ഗവർണറേറ്റിലെ ഇസ്കി വിലായത്തിൽ ഒരു സ്വകാര്യ കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ ആക്രമണം. സംഭവത്തില്‍ പ്രവാസി തൊഴിലാളികളാണ് ഉൾപ്പെട്ടത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് അദ് ദാഖിലിയ്യ ഗവർണറേറ്റ് പൊലീസ് കമാൻഡിന്‍റെ നേതൃത്വത്തിൽ മസ്കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡും മറ്റ് പൊലീസ് വിഭാഗങ്ങളും ചേർന്ന് പ്രത്യേക സുരക്ഷാ നടപടികൾ സ്വീകരിച്ചു. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലെ ചില താമസ സൗകര്യങ്ങൾക്കും നിരവധി വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായി പൊലീസ് വ്യക്തമാക്കി.
ചില തൊഴിലാളികളെ അവരുടെ ജോലി സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഒരു സംഘം തടഞ്ഞതായും റിപ്പോർട്ടുണ്ട്. സ്ഥിതി രൂക്ഷമായതിനെ തുടർന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെയും മറ്റ് ബന്ധപ്പെട്ട പൊലീസ് യൂണിറ്റുകളെയും വിന്യസിച്ചു.
തുടർന്ന് സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ആക്രമണത്തിലും സ്വത്ത് നശിപ്പിക്കൽ നടപടികളിലും പങ്കെടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
നിയമം കർശനമായി നടപ്പാക്കുന്നതിന്‍റെയും ജനങ്ങളുടെ ജീവനും സ്വത്തിനും പൊതുസുരക്ഷയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കമ്പനിയുടെയോ മറ്റ് വിശദാംശങ്ങളുടെയോ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
Attack on labor camp in Oman, expatriate workers arrested


































