Dec 27, 2025 09:44 AM

ദുബൈ: [gcc.truevisionnews.com] എമിറേറ്റിലെ പ്രധാന റോഡുകളിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിൽ ഇലക്ട്രോണിക് സൂചന ബോർഡുകൾ നിർണായക പങ്ക് വഹിക്കുന്നതായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി.

പ്രധാന ഇടനാഴികളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലൂടെ അപകട മുന്നറിയിപ്പുകളും ഗതാഗത വിവരങ്ങളും യഥാസമയം ലഭിക്കുന്നതിനാൽ യാത്രാസമയം 20 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുന്നതായാണ് റിപ്പോർട്ട്.

റോഡപകടങ്ങൾ, ഗതാഗതക്കുരുക്ക്, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ വിവരങ്ങൾ സ്ക്രീനുകളിൽ ഉടനടി പ്രദർശിപ്പിക്കുന്നതിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും കഴിഞ്ഞുവെന്ന് ആർ.ടി.എ അറിയിച്ചു.

നിലവിൽ ദുബൈയിലുടനീളം 112 ഇലക്ട്രോണിക് സൈൻ ബോർഡുകളാണ് പ്രവർത്തനത്തിലുള്ളത്. ഇവ ദുബൈയുടെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്ററിലെ ‘ഐ-ട്രാഫിക്’ സംവിധാനങ്ങളുമായി സംയോജിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആറുമാസത്തിനിടെ ഈ ബോർഡുകളിലൂടെ 17,819 സന്ദേശങ്ങൾ പ്രദർശിപ്പിച്ചതായി ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ സാലഹ് അൽ മർസൂഖി പറഞ്ഞു.

ഇതിൽ 12,283 സന്ദേശങ്ങളും റോഡപകടങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇതുകൂടാതെ 1,038 പൊതുമുന്നറിയിപ്പുകൾ, 984 ഗതാഗതക്കുരുക്ക് മുന്നറിയിപ്പുകൾ, വാഹന തകരാറുകളുമായി ബന്ധപ്പെട്ട 905 സന്ദേശങ്ങൾ എന്നിവയും പ്രദർശിപ്പിച്ചു.

റോഡ് പൂർണമായും അടച്ചതുമായി ബന്ധപ്പെട്ട 90 അറിയിപ്പുകളും കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചുള്ള 2,519 സന്ദേശങ്ങളും ഉൾപ്പെടുന്നു. അപകടം നടന്ന സ്ഥലങ്ങളിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ തന്നെ തുടർച്ചയായി മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നതെന്നും, ഇതുവഴി റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ സൈൻ ബോർഡുകൾ വലിയ പങ്ക് വഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Electronic signboards reduce traffic congestion

Next TV

Top Stories










News Roundup