[gcc.truevisionnews.com] പുതുവത്സരാഘോഷങ്ങൾ സുരക്ഷിതവും ക്രമബദ്ധവുമായി നടത്തുന്നതിനായി ദുബൈ ഭരണകൂടം അതിവിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആഘോഷങ്ങൾ നടക്കുന്ന 37 കേന്ദ്രങ്ങളിൽ ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി)യുടെ സേവന കേന്ദ്രങ്ങൾ തുറന്ന് വിവിധ പൊലീസ് സേവനങ്ങൾ, പ്രഥമ ശുശ്രൂഷ, നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചുനൽകൽ, സന്ദർശകർക്ക് മാർഗനിർദേശം, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കും.
കരയിലും കടലിലും സുരക്ഷ ഉറപ്പാക്കാൻ ദുബൈ പൊലീസ് 9,884 ഉദ്യോഗസ്ഥരെയും 1,625 പട്രോളിങ് വാഹനങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഇതിൽ സമുദ്രസുരക്ഷാ യൂണിറ്റുകൾ, റെസ്‌ക്യൂ ബോട്ടുകൾ, ബൈക്ക് പട്രോളുകൾ, കുതിരസേന എന്നിവയും ഉൾപ്പെടുന്നു.
കൂടാതെ സ്വകാര്യമേഖലയിൽ നിന്നുള്ള 13,502 സുരക്ഷാ ജീവനക്കാരും വിവിധ മേഖലകളിലായി വിന്യസിക്കും. അഗ്‌നിരക്ഷാ വിഭാഗത്തിന്റെ 1,754ലധികം ജീവനക്കാരുടെ സേവനവും ലഭ്യമാകും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 306 പരിശോധനാ സംഘങ്ങൾ പ്രവർത്തിക്കും. 12 ഫയർ ഫൈറ്റിങ് ബോട്ടുകൾ ഉൾപ്പെടെ 156ലധികം അത്യാധുനിക വാഹനങ്ങളും സജ്ജമാണ്. 26 സിവിൽ ഡിഫൻസ് സ്റ്റേഷനുകൾ വഴി ആഘോഷകേന്ദ്രങ്ങളിൽ അഗ്‌നിരക്ഷാ സേവനങ്ങൾ ഉറപ്പാക്കും.
ആരോഗ്യ അടിയന്തരാവസ്ഥകൾ കൈകാര്യം ചെയ്യാൻ എമിറേറ്റിലുടനീളം 236 ആംബുലൻസ് പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. ദുബൈ പൊലീസ് സഹകരണത്തോടെ എയർ ആംബുലൻസ്, എയർബസുകൾ, ഗോൾഡ് കാർട്ടുകൾ, ഇലക്ട്രിക് ആംബുലൻസുകൾ, ദ്രുതപ്രതികരണ യൂണിറ്റുകൾ എന്നിവയും സേവനത്തിലുണ്ടാകും.
മെഡിക്കൽ സഹായത്തിനായി 12 ആശുപത്രികളും ക്ലിനിക്കുകളും സജ്ജമാണ്. ബുർജ് ഖലീഫ് മേഖലയിലായി ശിശുരോഗ വിഭാഗം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പൂർണ സജ്ജമായ ഫീൽഡ് ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്.
വിവിധ കേന്ദ്രങ്ങളിലായി ഏഴ് മെഡിക്കൽ പോയിന്റുകളും പ്രവർത്തനസജ്ജമാണ്. ഫസ്റ്റ് റെസ്പോൺസ് പ്രോഗ്രാമിൽ പരിശീലനം നേടിയ 50 വളണ്ടിയർമാർ ബൊളിവാർഡ് മേഖലയിലെ ആംബുലൻസ് ടീമുകളെ സഹായിക്കും.
അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും 901 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
Strong preparedness of police, ambulance and fire brigades


































