മക്ക: ( gcc.truevisionnews.com ) സൗദി മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി തീർഥാടകൻ. ആത്മഹത്യാശ്രമമാണെന്ന് സംശയിക്കുന്ന സംഭവത്തിൽ താഴേക്ക് വീണയാളെ പിടിച്ചുനിർത്താൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.
പള്ളിയുടെ മുകൾ നിലയിൽ നിന്ന് ഒരാൾ ചാടുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഹറം സുരക്ഷാ സേന സജീവമായി ഇടപെട്ടു. താഴെ നിൽക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളുടെ വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. ഉടൻ തന്നെ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
തീർഥാടകർ പള്ളിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഹറം പള്ളി മുഖ്യ ഇമാം ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് പ്രതികരിച്ചു. ആരാധനയ്ക്കും പ്രാർഥനയ്ക്കുമായി നീക്കിവച്ചിരിക്കുന്ന ഈ പുണ്യസ്ഥലത്ത് ഇസ്‌ലാമിക മര്യാദകൾ പാലിക്കപ്പെടണം.
സ്വന്തം ജീവൻ അപകടത്തിലാക്കുന്നത് ഇസ്‌ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും നിങ്ങൾ സ്വന്തം കൈകളാൽ നാശത്തിലേക്ക് എടുത്തെറിയരുത് എന്ന ഖുർആൻ സൂക്തം ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഹറം സുരക്ഷാ വിഭാഗം സംഭവത്തിൽ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
saudi man jumps from upper floor of masjid al haram

































