മസ്കത്ത്: [gcc.truevisionnews.com] മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രിസ്മസ് കരോൾ സന്ധ്യയായ ‘ബെത്ലഹേം ഒഫാർത്തോ’ ശനിയാഴ്ച വൈകീട്ട് ആറിന് റൂവി സെന്റ് തോമസ് ചർച്ചിൽ സംഘടിപ്പിക്കും.
ചടങ്ങിൽ കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകും. എം. വിൻസെന്റ് എം.എൽ.എ ആശംസകൾ അറിയിക്കും.
മലങ്കര ഓർത്തഡോക്‌സ് സഭയുടെ ആരാധനാ സംഗീത വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനൂപ് രാജുവിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം സംഗീത അവതരണങ്ങൾക്ക് നേതൃത്വം നൽകും.
കുരുന്നുകളും മുതിർന്നവരുമായി ഇരുനൂറിലധികം അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ, ബൈബിൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്യാരക്റ്റർ ഷോ, ക്യാൻഡിൽ ഡാൻസ്, ഡ്രാമാസ്കോപിക് നാടകം, നേറ്റിവിറ്റി സ്കിറ്റ്, നാടൻ കരോൾ എന്നിവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.
ക്രിസ്മസിന്റെ ആത്മീയതയും ആഘോഷവും ഒരുമിച്ച് പങ്കുവെക്കുന്ന സന്ധ്യയാകുമെന്ന് സംഘാടകർ അറിയിച്ചു.
Christmas Carol, Muscat, Orthodox Great Parish

































